തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മ്മപദ്ധതി മല എലിയെ പ്രസവിച്ച പ്രതീതിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്ച്യുതാനന്ദന്‍. അഴിമതിക്കേസില്‍ പ്രതികളായവരെ മന്ത്രിസഭയിലെടുത്താണ് ഉമ്മന്‍ചാണ്ടി അഴിമതി നിരോധിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതെന്നും വി.എസ് ആരോപിച്ചു.

ലോകത്തിലെ ഏറ്റവും വലിയ അഴിമതിപാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളാണ് ചാണ്ടിയും കൂട്ടരും എന്നത് മറച്ചുവെക്കാനാണ് ശ്രമം. മെഡിക്കല്‍ കോളേജിലെ സ്വകാര്യ പ്രാക്ടീസ് പുനരാരംഭിക്കാന്‍ നല്‍കിയ നീക്കം ഈ രംഗത്ത് അരാജകത്വം സൃഷ്ടിക്കും. സ്വാശ്രയ ലോബിക്കും എന്‍ട്രന്‍സ് ലോബിക്കും വഴങ്ങി എന്‍ജിനീയറിംഗ് പ്രവേശനം അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അധികാരവികേന്ദ്രീകരണത്തെ തടയനാണ് ശ്രമം. തദ്ദേശവകുപ്പ് വെട്ടിമുറിച്ച് പിടിച്ചടക്കുകയാണ്. ചെന്നിത്തലയുടെ ദുഖം ആരോടും പറയാന്‍ സാധിക്കാതെ കഴിയുകയാണ്. അതുകൊണ്ട് അദ്ദേഹത്തിനെക്കുറിച്ച് സംസാരിക്കാതിരിക്കുകയാണ് നല്ലതെന്നും വി.എസ് പറഞ്ഞു. പെണ്‍വാണിഭക്കാര്‍ക്കായി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചയാളെയാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാക്കിയെന്നും വി.എസ് ആരോപിച്ചു.

സംസ്ഥാനം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളെക്കുറിച്ച് കര്‍മ്മ പദ്ധതി നിശബ്ദത പാലിക്കുകയാണ്. മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അഴിമതിക്കാരെ പുറത്താക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും വി.എസ് ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുടെ മകള്‍ക്ക് മെഡിക്കല്‍ സീറ്റ് തരപ്പെടുത്താന്‍ നീക്കം നടന്നിട്ടുണ്ടെന്നും മന്ത്രിമാരുടെ സ്വത്ത് വെളിപ്പെടുത്തുന്നത് പുതുമയുള്ള കാര്യമല്ലെന്നും വി.എസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.