തിരുവനന്തപുരം: ലോട്ടറിവിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് വീണ്ടും കത്തയച്ചു. മുമ്പ് പ്രധാനമന്ത്രിക്ക് അയച്ച കത്തിന് മറുപടി ലഭിക്കാത്തത് ഖേദകരമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് കത്തില്‍ വി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോട്ടറി വിഷയത്തില്‍ എത്രയും പെട്ടെന്ന് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും തന്റെ മകന്‍ അരുണ്‍ കുമാര്‍ സി.ബി.ഐ അന്വേഷണ ആവശ്യം അട്ടിമറിച്ചു എന്ന ആരോപണം അന്വേഷണത്തിന്റെ പരിധിയില്‍ പെടുത്തണമെന്നുമാണ് പ്രധാന ആവശ്യങ്ങള്‍. ഇക്കാര്യത്തില്‍ പി.ചിദംബരത്തിന് ഉടനേ നിര്‍ദേശം നല്‍കണമെന്നതാണ് മറ്റൊരാവശ്യം.

നേരത്തേ ലോട്ടറിവിഷയം കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് ലഭിച്ച മറുപടി മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിവെച്ചുവെന്നായിരുന്നു രമേശ് ചെന്നിത്തല ആരോപിച്ചത്. എന്നാല്‍ കത്തിന് മറുപടി ലഭിച്ചില്ലെന്ന നിലപാടില്‍ വി.എസ് നിലകൊള്ളുകയായിരുന്നു.