തിരുവനന്തപുരം: തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് താന്‍ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. പശ്ചിമ ബംഗാളില്‍ എല്‍.ഡി.എഫിന് ആര് നയിക്കുമെന്ന് തീരുമാനമായെങ്കിലും കേരളത്തില്‍ അനിശ്ചിതത്വം തുടരുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് വി.എസ് ഇങ്ങിനെ പ്രതികരിച്ചത്.

2006ല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി മാധ്യമങ്ങള്‍ എറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതില്‍ ഏറെ സഹതാപമുണ്ടെന്നും വി.എസ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ കൂടുതലൊന്നും പ്രതികരിക്കാതെ വി.എസ് അവസാനിപ്പിക്കുകയായിരുന്നു. രണ്ട് രൂപക്ക് അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ പ്രതികരിക്കാനാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ചത്.

സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ടുരൂപ നിരക്കില്‍ അരി നല്‍കാനുള്ള നീക്കം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി
അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ടെന്നും വി.എസ് വ്യക്തമാക്കി.

എ.പി.എല്‍ബി.പി.എല്‍ ഭേദമില്ലാതെ രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള തീരുനാനം നടപ്പിലാക്കാന്‍ ഫെബ്രുവരി 23ലെ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. 25ന് ഇതിന്റെ ഉത്തരവ് പുറത്തിറങ്ങി. മാര്‍ച്ച് ഒന്നിന് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം ഇതിന് ബാധകമാണെന്ന് പറയുന്നത് അന്യായമാണ്.

5 സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷമാണ് പെണ്‍കുട്ടികള്‍ക്ക് യാത്രാസൗജന്യം അനുവദിക്കുന്നതായി റെയില്‍വേമന്ത്രി ഇന്നലെ പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയത്. കേന്ദ്രസര്‍ക്കാറിന് ഇതൊന്നും ബാധമല്ല എന്നാണോ മനസിലാക്കേണ്ടത് എന്ന് വി.എസ് ചോദിച്ചു.

എണ്ണനികുതിയില്‍ മാറ്റം വരുത്താന്‍ തമിഴ്‌നാട് സംസ്ഥാനം തീരുമാനിച്ചതും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ ഇടപെടല്‍ കൊണ്ടാണ് പാവങ്ങള്‍ക്ക് റേഷന്‍ നല്‍കുന്ന കാര്യം അട്ടിമറിക്കപ്പെട്ടതെന്നും വി.എസ് അഭിപ്രായപ്പെട്ടു.