കൊല്‍ക്കത്ത: തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തനിക്കനുകൂലമായി പ്രകടനം നടത്തിയവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിനെ നേരില്‍ കണ്ടാണ് വി.എസ് പരാതി നല്‍കിയത്.

പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് വി.എസ് പരാതിയില്‍ പറയുന്നു. മാത്രമല്ല കഴിഞ്ഞ സമ്മേളനത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ക്ക് എതിരാണ് ഈ നടപടി. കൂടാതെ തന്റെ സ്ഥാനാര്‍ത്ഥിത്വം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്‌തെന്ന് കേന്ദ്രകമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം സ്വയം വിമര്‍ശനം നടത്തിയില്ലെന്നും വി.എസ്.പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വി.എസിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സംസ്ഥാന നേതൃത്വം സ്വയം വിമര്‍ശനം നടത്തണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വി.എസ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.

മറ്റ് വാര്‍ത്തകള്‍

വി എസ്സിന്റെ വാക്കുകള്‍ തള്ളി കാസര്‍ക്കോട്ട് വീണ്ടും നടപടി

വി എസിന് സി.പി.ഐ.എമ്മിന്റെ മറുപടി

പ്രകടനം നടത്തിയവരെ സസ്‌പെന്റ് ചെയ്ത നടപടി: പുനപരിശോധിക്കേണ്ടിവരുമെന്ന് വി.എസ്.