ന്യൂദല്‍ഹി: ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വസ്തുതകള്‍ മറച്ച് വെച്ച് കള്ളക്കളി കളിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. വി.എസിന്റെ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിവെച്ചെന്ന ആരോപണം തെറ്റാണ്. ജനുവരി മൂന്നിനാണ് വി.എസിന്റെ കത്ത് പ്രധാനമന്ത്രിക്ക് ലഭിച്ചത്. അന്നുതന്നെ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മറുപടി കുറിപ്പ് അയച്ചിട്ടുണ്ടെന്നും ചെന്നിത്തല ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാര്‍ട്ടിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്തിനാണ് ഇടതുസര്‍ക്കാര്‍ മടിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ സഹായമില്ലാതെ മകനൊന്നും ചെയ്യാനാകില്ല.

നാദാപുരത്ത് യു.ഡി.എഫ് കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ നാദാപുരം സംഭവത്തെ കാണേണ്ടത് ആ രീതിയിലായിരുന്നില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് താനില്ല. നാദാപുരത്ത് സമാധാനം പുനസ്ഥാപിക്കാന്‍ യു.ഡി.എഫ് സംസ്ഥാന സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടേയുള്ളുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.