ന്യൂദല്‍ഹി: തനിക്കെതിരെയുള്ള അഡ്വ. രാംകുമാറിന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി വി..എസ് അച്യുതാനന്ദന്റെ മറുപടി. മൂന്നാറില്‍ രാംകുമാറിന്റെ റിസോര്‍ട്ടിനെതിരെ ദൗത്യ സംഘം നടപടിയെടുത്തിന് പ്രതികാരമായാണ് അഡ്വക്കറ്റ് രാംകുമാര്‍ ആരോപണം ഉന്നയിക്കുന്നതെന്ന് വി.സ് ദല്‍ഹിയില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സംരംഭമായിരുന്ന സിഡാറ്റിനെ തുച്ഛവിലയ്ക്ക് റിലയന്‍സിന് കൈമാറിയതിനു പിന്നില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഇടപെടലുകളുണ്ടെന്ന് സംശയിക്കുന്നതായാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാര്‍ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദല്ലാള്‍ ടി.ജി. നന്ദകുമാറിന് ഇതില്‍ പങ്കുണ്ടെന്നും രാംകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

രാംകുമാറിന്റെ ആരോപണം

അടുത്തയിടെ നന്ദകുമാര്‍ അസുഖം ബാധിച്ച് കിടക്കുമ്പോള്‍ രാത്രി കൊച്ചി വെണ്ണലയില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി വി.എസ്. കണ്ടതിന് തെളിവുണ്ട്. റിലയന്‍സിന്റെ പ്രതിനിധിയെന്നു വിശേഷിപ്പിക്കപ്പെടുന്ന നന്ദകുമാറിനെ മുഖ്യമന്ത്രി കണ്ടതും റിലയന്‍സ് ഇടപാടും തമ്മില്‍ ബന്ധമുണ്ടെന്നുവേണം കരുതാന്‍. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് നന്ദകുമാറിന്റെ െ്രെഡവര്‍ ഓടിച്ച ഒരു കാറിലാണ് മുഖ്യമന്ത്രി അന്ന് പോയത്. സിഡാറ്റ് വില്‍പനയും മുഖ്യമന്ത്രിയുടെ ഇടപെടലും സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയായിരുന്ന, ഷാജഹാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇതിലെ അഴിമതി വെളിപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയോട് അടുപ്പമുള്ള ‘മൂന്നു കുമാര്‍’മാര്‍ക്കും ഇടപാടില്‍ പങ്കുണ്ട്. കിട്ടുന്ന വിവരങ്ങള്‍ പ്രകാരം, സാമൂഹികവിരുദ്ധനായും ഇത്തിള്‍കണ്ണിയായും പ്രവര്‍ത്തിക്കുന്ന നന്ദകുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തണം. ഇയാള്‍ക്കെതിരെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് അന്വേഷണം നല്ല രീതിയില്‍ പുരോഗമിച്ചതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിടപെട്ട് അന്വേഷണം മരവിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

വ്യവഹാര ദല്ലാളായി പ്രവര്‍ത്തിക്കുന്ന നന്ദകുമാറിന് സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജസ്റ്റിസുമാരുമായി അടുത്ത ബന്ധമുണ്ട്. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. ബാലിയും നന്ദകുമാറും വിമാനത്തില്‍ ബിസിനസ്സ് ക്ലാസ്സില്‍ പലവട്ടം ഒരുമിച്ച് സഞ്ചരിച്ചതിന്റെ രേഖകളുണ്ട്. ബാലിയെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ അസാധാരണമായി മുഖ്യമന്ത്രി കത്തെഴുതിയതിനു പിന്നില്‍ ഈ ബന്ധമാണ്. നന്ദകുമാറിന്റെ സാമ്പത്തിക സ്രോതസ്സടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കണണം.