തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴില്‍ ജുഡീഷ്യറിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പുറമേ ന്യായസ്ഥനെപ്പോലെ പറയുകയും ഉള്ളില്‍ നാണംകെട്ടവനെപ്പോലെ പ്രവര്‍ത്തിക്കുകയുമാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാമോയില്‍ കേസ് അട്ടിമറിക്കാന്‍ ഭരണക്കാര്‍ ഭീഷണിയും കുപ്രചാരണവും നടത്തുകയാണ്. ഒരു ജഡ്ജിയെ പി.സി ജോര്‍ജ് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്പോഴും അത് തടയാന്‍ ഉമ്മന്‍ചാണ്ടി ഒന്നും ചെയ്തില്ല. പാമോയില്‍ കേസില്‍ പി.സി.ജോര്‍ജ് ഉമ്മന്‍ചാണ്ടിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്. ചീഫ് വിപ്പിനെ ഉപയോഗിച്ച് സര്‍ക്കാര്‍ കോടതിയെ അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മറ്റുള്ളവരെ ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യം വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയെ ഉപയോഗിച്ചും ഇപ്പോള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ ഉപയോഗിച്ചുമാണ് കേസുകള്‍ അട്ടിമറിക്കുന്നത്. വ്യാജരേഖ ചമയ്ക്കുന്ന ക്രിമിനല്‍ ആയി നെറ്റോ മാറിയിരിക്കുകയാണ്. മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണക്കേസ് അട്ടിമറിക്കുന്നു. ചാക്ക് രാധാകൃഷ്ണനെതിരായ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ശ്രീനിജനെതിരായ അന്വേഷണം അട്ടിമറിച്ചെന്നും വി.എസ് പറഞ്ഞു.

പാമോയില്‍ കേസില്‍ ജിജി തോംസണിന്റെ ഹര്‍ജി ഉമ്മന്‍ചാണ്ടിയോടുള്ള പ്രത്യുപകാരമാണ്. 19 വര്‍ഷമായി കേസിനെക്കുറിച്ച് ജിജി തോംസണിന് യാതൊരു പരാതിയുമില്ലാത്ത ജിജി തോംസണ്‍ പെട്ടെന്ന് മുന്നോട്ട് വന്നതില്‍ നിന്നും ഇത് മനസിലാവും.

വിജിലന്‍സ് കോടതി ജഡ്ജി പിന്‍മാറിയെങ്കിലും പാമോയില്‍ കേസ് അനാഥമാകാന്‍ പോകുന്നില്ല. ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.