കോഴിക്കോട്: അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള സി.പി.ഐ.എമ്മിന്റെ എതിര്‍പ്പ് മാറിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അമേരിക്ക, അമേരിക്കന്‍ സാമ്രാജ്യത്വം എന്ന വേര്‍തിരിവ് പാര്‍ട്ടിക്കില്ലെന്നും വി.എസ് പറഞ്ഞു.

അമേരിക്കയുടെ നിലപാടുകളില്‍ ഇതുവരെ മാറ്റംവന്നിട്ടില്ല. ഇപ്പോള്‍ അമേരിക്ക എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകള്‍ അത് വ്യക്തമാക്കുന്നതാണ്. യു.എസ് സാമ്രാജ്യത്വത്തിനെതിരെ നിലപാടുകള്‍ സ്വീകരിക്കുന്ന ക്യൂബയുടെ മുന്‍ പ്രസിഡന്റെ ഫിദല്‍ ക്യാസ്‌ട്രോയെ 117 തവണ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയവരാണ് അമേരിക്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാറിയ കാലഘട്ടത്തില്‍ അമേരിക്കയോട് സി.പി.ഐ.എമ്മിന് എതിര്‍പ്പില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.വി ദക്ഷിണാമൂര്‍ത്തി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെ ഖണ്ഡിക്കുന്നതാണ് വി.എസിന്റെ അഭിപ്രായം.

ജോണ്‍ ബ്രിട്ടാസ് ഏതുതരക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് വി.എസ് മോശം മുഖ്യമന്ത്രിയാണെന്ന് ബ്രിട്ടാസ് പറഞ്ഞതായുള്ള വിക്കിലീക്‌സ് വെളിപ്പെടുത്തലുകളോട് പ്രതികരിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് പറഞ്ഞത്. ബ്രിട്ടനില്‍ വാര്‍ത്ത ചോര്‍ത്തിയതിന് പിടിയിലായ റൂപേര്‍ട്ട് മര്‍ഡോക്കിന്റെ സഹായിയാണ് ബ്രിട്ടാസ് ഇപ്പോള്‍. കിഡ്‌നി തട്ടിപ്പുകാരെ വെള്ളപൂശാന്‍ ശ്രമിച്ചയാളാണ് ബ്രിട്ടാസെന്നും വി.എസ് കുറ്റപ്പെടുത്തി.

കുഞ്ഞാലിക്കുട്ടിക്കെതിരായ വിക്കിലീക്‌സ് വെളിപ്പെടുത്തലുകളില്‍ അത്ഭുതപ്പെടാനില്ല. കുഞ്ഞാലിക്കുട്ടി എന്‍.ഡി.എഫിനെ സഹായിച്ചു എന്ന് പറഞ്ഞ എം.കെ മുനീറിനെ അവിശ്വസിക്കേണ്ടതില്ല. ഇതിനു മുന്‍പും ഒട്ടേറെ കേസുകളില്‍ ആരോപണവിധേയനാണ് കുഞ്ഞാലിക്കുട്ടി. കോഴകൊടുത്ത് ജഡ്ജിമാരെ സ്വാധീനിച്ചു എന്ന ആരോപണം വരെ അദ്ദേഹത്തിനെതിരായുണ്ടെന്നും വി.എസ് വ്യക്തമാക്കി.