കൊല്ലം: മഞ്ഞളാം കുഴി അലി വിവാദത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. അലി തീരുമാനം പുനപരിശോധിക്കണമെന്ന് വി.എസ് പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സുപ്രധാന സംഭാവന നല്‍കിയ വ്യക്തിയാണ് അലി. എന്നാല്‍ ഇപ്പോഴത്തെ അലിയുടെ നിലപാട് പിന്തിരിപ്പനാണ്. യു.ഡി.എഫിന് സഹായകരമാണ് ഈ നിലപാട്. അലിയോട് നീതി കേട് കാട്ടിയത് ആരാണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൊല്ലം പ്രസ്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു.

‘ ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ സംഭാവന നല്‍കിയ ആളാണ് അലി. മലപ്പുറത്ത് യു.ഡി.എഫിനും മുസ്‌ലിം ലീഗിനും കനത്ത ആഘാതം നല്‍കാന്‍ അലി പാര്‍ട്ടിയെ സഹായിച്ചിട്ടുണ്ട്. പ്രവാസി ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിലും നല്ല പങ്ക് വഹിച്ചു. എന്നാല്‍ അതിന് വിരുദ്ധമായ നിലപാടാണ് അലി ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇതുവരെ ചെയ്ത എല്ലാ നല്ല കാര്യങ്ങളെയും ഇല്ലാതാക്കുന്നതാണ് ഈ നിലപാട്’- വി.എസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഭൂട്ടാന്‍ ലോട്ടറിയുടെ ഏജന്റാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഏജന്റാകാമെന്ന് ധനമന്ത്രി പറയുമെന്ന് കരുതുന്നില്ല. ലോട്ടറി മാഫിയയെ വളര്‍ത്തിയത് കോണ്‍ഗ്രസാണ്. കര്‍ണാടകത്തില്‍ ഇപ്പോള്‍ നടക്കുന്നത് പൊറാട്ടുനാടകമാണെന്നും വി.എസ് പ്രതികരിച്ചു.