vs-achuthanandan കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്ന കെ.എ റഊഫ് വി.എസ് അച്ച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് ക്ലിഫ്ഹൗസില്‍ നടന്ന കൂടിക്കാഴ്ച ഒന്നരമണിക്കൂര്‍ നീണ്ടു.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ ഐസ്‌ക്രീംകേസ് വീണ്ടും അട്ടിമറിക്കപ്പെടുമെന്ന ആശങ്ക റഊഫ് വി എസ്സുമായി പങ്കുവെച്ചതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ കൈമാറിയിട്ടുണ്ട്.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവാണ് റൗഫ്.

താന്‍ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ 164-ാം വകുപ്പനുസരിച്ച് നല്‍കിയ കുറ്റസമ്മതമൊഴി ഉള്ളടക്കത്തെക്കുറിച്ച് ഐസ്‌ക്രീം പെണ്‍വാണിഭ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം തന്നോട് ആരായുകയോ അതുസംബന്ധിച്ച രേഖകള്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് റൗഫ് വി. എസിനോട് പരാതിപ്പെട്ടതായാണ് വിവരം.

താന്‍ ഈ കേസില്‍ പ്രതിയാവുമെന്നും അതനുസരിച്ച് ജയില്‍ശിക്ഷ ലഭിക്കുമെന്നും അറിഞ്ഞുകൊണ്ടാണ് മജിസ്‌ട്രേട്ടിന് മുന്നിലെത്തി മൊഴി നല്‍കിയതെന്ന് റൗഫ് ചൂണ്ടിക്കാട്ടി.

എ.ഡി.ജി.പി വിന്‍സന്‍ എം.പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ പുനരന്വേഷണം ഏല്‍പിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പ് സമയത്തും പിന്നീടും ഈ കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടു പോകുന്നില്ലെന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് കുറ്റപ്പെടുത്തിയിരുന്നു.