തിരുവനന്തപുരം: ബ്രിട്ടാസിനെ പിന്തുണച്ചവര്‍ പിന്നീടത് പുനപരിശോധിക്കേണ്ടിവരുമോ എന്ന് കാണാമെന്ന് മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍. കൈരളി ചാനലില്‍ നിന്ന് ബ്രിട്ടാസ് രാജിവെച്ച് ഏഷ്യാനെറ്റില്‍ ചേര്‍ന്നതിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോഴായിരുന്നു മുഖ്യ മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

ബ്രിട്ടാസ് മര്‍ഡോക് സൈസ് ആളുകളുടെ കൂടെ പോകുമ്പോള്‍ നേരത്തെ ബ്രിട്ടാസിനെ പ്രശംസിച്ചവര്‍ മറുപടി പറയണം. മര്‍ഡോക്കിന്റെ കൂടെപ്പോയ മാന്യനെക്കുറിച്ച് പറയേണ്ടത് അയാളെ പ്രോത്സാഹിപ്പിച്ചവരാണ്.

ഫാരിസ് അബൂബക്കറുമായുള്ള അഭിമുഖത്തെക്കുറിച്ചുള്ള ചോദ്യത്തോട് പണത്തിന് വേണ്ടി എന്ത് ഹീന കൃത്യങ്ങളും ചെയ്യാന്‍ തയ്യാറുള്ളവരെ ബ്രിട്ടാസ് ഉയര്‍ത്തിക്കാണിച്ചുവെന്നായിരുന്നു വി.എസിന്റെ മറുപടി. ബ്രിട്ടാസിന്റെ പോക്കില്‍ പ്രൊഫഷണലല്ലാത്ത കാരണമുണ്ടോയെന്ന ചോദ്യത്തോട് അത് കാലം തെളിയിക്കേണ്ടതാണെന്നായിരുന്നു വി.എസിന്റെ മറുപടി.

എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായര്‍ വി.എസ്സിനെ സംസ്‌കാരമില്ലാത്തവന്‍ എന്ന് വിളിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ എന്‍.എസ്.എസില്‍ രണ്ട് തരം നേതാക്കന്‍മാരുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ഒരു വിഭാഗം നല്ലവരാണെങ്കില്‍ ബാലകൃഷ്ണപിള്ളയെ പോലെയുള്ള അഴിമതിവീരന്‍മാരെ പിന്താങ്ങുന്നവരാണ് മറുവിഭാഗം. പോതുമുതല്‍ കട്ടു തിന്നതിന് സുപ്രീം കോടതി ശിക്ഷിച്ചയാളാണെന്നു പറഞ്ഞാല്‍ ജനങ്ങള്‍ മനസിലാക്കിക്കൊള്ളും- വി.എസ് പറഞ്ഞു. അഴിമതിക്കാനായ ബാലകൃഷ്പ്പിള്ളയുടെ കൂടെയാണ് സുകുമാരന്‍ നായരെന്നും അദ്ദേഹം പറഞ്ഞു.