തിരുവനന്തപുരം: നിയമസഭയില്‍ ഡസ്‌ക് ചാടിക്കടക്കാന്‍ ശ്രമിച്ച മന്ത്രി കെ.പി മോഹനനെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍. മോഹനനെതിരെ നടപടിയെടുക്കാത്തത് ഒത്തുകളിയുടെ ഭാഗമാണ്. കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ കയറിയതുപോലെ ചെറിയ കാര്യമല്ല കെ.പി മോഹനന്‍ ചെയ്തത്. പ്രതിപക്ഷത്തിനെതിരെ ആഭാസജഡിലമായ പ്രവര്‍ത്തിയാണ് മന്ത്രി ചെയ്തത്. നിയമസഭാ മീഡിയാ റൂമില്‍ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു വി.എസ്.

രാധാകൃഷ്ണപ്പിള്ളയെ സസ്‌പെന്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് വി.എസ് വ്യക്തമാക്കി. വാളകം സംഭവം അപകടമാക്കി മാറ്റാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. മന്ത്രിമാരാരും പരിക്കേറ്റ അധ്യാപകനെ കാണാത്തത് തിരുവുള്ളക്കേട് കൊണ്ടാണെന്നും വി.എസ് വ്യക്തമാക്കി.

Subscribe Us:

പതിനാലാം തീയതി സഭയിലുണ്ടായ പ്രതിപക്ഷ പ്രതിഷേധം കേഴിക്കോട് വിദ്യാര്‍ഥികളെ തല്ലിച്ചതച്ച എ.സി രാധാകൃഷ്ണനെ സസ്‌പെന്റ് ചെയ്യണമെന്നും വാളകം സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ ഭരണപക്ഷം തയ്യാറാകുന്നില്ല.

ബാലകൃഷ്ണപിള്ളയോടുള്ള ദാസ്യമനോഭാവമാണ് ഭരണപക്ഷത്തിന്. സ്പീക്കര്‍ ഭരണപക്ഷത്തിനോട് ചേര്‍ന്ന് ഗൂഡാലോചന നടത്തുകയാണ്. വെള്ളിയാഴ്ചയുണ്ടായ സംഭവത്തിന്റെ പേരില്‍ അംഗങ്ങള്‍ തങ്ങള്‍ക്കുള്ള വിഷമം എഴുതി നല്‍കിയിരുന്നു. വനിതാ വാച്ച് ആന്റ് വാര്‍ഡിനെ പ്രതിപക്ഷം അപമാനിച്ചുവെന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നിലപാടിനോട് യോജിച്ച സ്പീക്കര്‍ തന്റെ ഡയസ്സിലേക്ക് കയറാന്‍ ശ്രമിച്ചതിന് ക്ഷമാപണം അറിയിച്ചാല്‍ മതിയെന്നും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഭരണപക്ഷത്തിന്റെ താല്‍പര്യത്തിന് അനുകൂലമായി സ്പീക്കറും നടപടി സ്വീകരിച്ചുവെന്നും വി.എസ് കുറ്റപ്പെടുത്തി.