Administrator
Administrator
‘എന്റെ രാഷ്ട്രീയവുമായി മുന്നോട്ട് പോകും’
Administrator
Friday 18th March 2011 3:31pm

രാഷ്ട്രീയകാര്യ ലേഖകന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് സ്ഥാനാര്‍ഥിയാകാന്‍ സമ്മതിച്ചത് തന്റെ രാഷ്ട്രീയം മുന്നോട്ട് കൊണ്ട് പോകുമെന്ന ഉപാധിയില്‍. ഇന്ന് ചേര്‍ന്ന അവൈലബിള്‍ പി.ബി യോഗത്തില്‍ വി.എസിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത് അദ്ദേഹത്തെ അറിയിക്കാനാണ് കാരാട്ട് വി.എസിനെ ഫോണില്‍ വിളിച്ചത്. എന്നാല്‍ മുന്നണിയെ നയിക്കുന്നതാരെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു. തന്റെ രാഷ്ട്രീയവുമായി താന്‍ മുന്നോട്ട് പോകുമെന്നും വി.എസ് കാരാട്ടിനോട് പറഞ്ഞു. രണ്ടുകാര്യത്തിലും തന്റെ ഉപാധികള്‍ അംഗീകരിക്കാമെന്ന ഉറപ്പ് കാരാട്ടില്‍ നിന്ന് ലഭിച്ച ശേഷമാണ് വി.എസ് മത്സരിക്കാമെന്ന് അംഗീകരിച്ചത്.

വി.എസിന് സീറ്റ് നിഷേധിക്കുക വഴി തങ്ങളുടെ രാഷ്ട്രീയ വഴിയിലുള്ള മുള്ളിനെ എടുത്തുമാറ്റുകയായിരുന്നു സി.പി.ഐ.എം ഔദ്യോഗിക പക്ഷം ലക്ഷ്യം വെച്ചത്. വി.എസ് മുന്നോട്ട് വെക്കുന്ന ജനകീയ രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ പാര്‍ട്ടി രാഷ്ട്രീയത്തിന് കഴിയുമായിരുന്നില്ല. കഴിഞ്ഞ കാലങ്ങളിലെല്ലാം പാര്‍ട്ടി തീരുമാനം ജനവിരുദ്ധമാകുമ്പോള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെകത്തിയിരുന്നു വി.എസ്. 2006ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ വി.എസിലെ ശത്രുവിനെ മുന്‍കൂട്ടിക്കണ്ട പാര്‍ട്ടി വകുപ്പുകളെടുത്ത് മാറ്റി അദ്ദേഹത്തെ നിരായുധനാക്കി. എന്നാല്‍ മുഖ്യമന്ത്രിയെന്ന അധികാരമുപയോഗിച്ച് ഏതറ്റംവരെ പോകാനും അദ്ദേഹം തയ്യാറായിരുന്നു. പാര്‍ട്ടി എതിര്‍പക്ഷത്തായപ്പോള്‍ ജനം അദ്ദേഹത്തിന്റെ പക്ഷം നിന്നു.

പക്ഷെ പാര്‍ട്ടി അച്ചടക്കമെന്ന ചാട്ടുളിയേറ്റ് പലതവണ വി.എസ് വീണു. പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ ശബ്ദം നേര്‍ത്തുവന്നു. ആശയത്തിന്റെ പേരില്‍ വി.എസിനൊപ്പം നിന്നവരെയെല്ലാം പാര്‍ട്ടിവിട്ടു. ബാക്കിയുള്ളവരെ ഔദ്യോഗിക പക്ഷം തങ്ങളുടെയൊപ്പംകൂട്ടി. പക്ഷെ വി.എസ് പോരാട്ടം തുടര്‍ന്നു. എ.ഡി.ബിയില്‍ തുടങ്ങി, മൂന്നാറിലും ലോട്ടറിയിലും ലാവലിന്‍ കേസിലും വി.എസ് നിലപാടുമായി മുന്നോട്ട് പോയി. എന്നാല്‍ തമ്മില്‍തല്ലുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയുമെന്ന പ്രതീതി പുറത്തെത്തി. തുടങ്ങിവെച്ച പോരാട്ടങ്ങളെല്ലാം വി.എസ് വഴിയില്‍ ഉപേക്ഷിക്കുന്നുവെന്ന് വി.എസിന് ആരോപണം ഏല്‍ക്കേണ്ടി വന്നു. പോരാട്ടം അതേപടി തുടര്‍ന്നാല്‍ അദ്ദേഹത്തിന് പാര്‍ട്ടി വിടേണ്ടി വരുമായിരുന്നു. അതുകൊണ്ട് പലപ്പോഴും അദ്ദേഹം പതുങ്ങിനിന്നു. അവസരം കിട്ടുമ്പോള്‍ ആക്രമിച്ചു.

അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ വന്ന രണ്ട് തിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് ദയനീയമായി പരാജയപ്പെടുന്നതാണ് കണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും പാര്‍ട്ടി പരാജയത്തിന്റെ കയ്പുനീര്‍കുടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റുവാങ്ങാന്‍ മാനസികമായി ഒരുങ്ങിനില്‍ക്കുകയായിരുന്നു എല്‍.ഡി.എഫ്. എന്നാല്‍ പരാജയത്തിനിടയിലും സി.പി.ഐ.എം ആശ്വാസത്തിലായിരുന്നു. എല്‍.ഡി.എഫിന് ഏല്‍ക്കുന്ന പരാജയം വി.എസ് എന്ന മുഖ്യമന്ത്രിയുടെ കൂടി പരാജയമാണ്. തിരഞ്ഞെടുപ്പ് പരാജയത്തോടെ വി.എസിന്റെ രാഷ്ട്രീയവും മണ്‍മറയുമെന്ന കണക്കുകൂട്ടലിലായിരുന്നു അവര്‍. സംസ്ഥാനഭരണമെന്ന അധികാരത്തിന് പുറത്തായാലും പാര്‍ട്ടിയെന്ന അധികാര ദണ്ഡ് പൂര്‍ണ്ണമായും തങ്ങളുടെ കൈപ്പിടിയിലാവും. വി.എസിന് സീറ്റുപോലും നല്‍കേണ്ടെന്ന് നേരത്തെ തന്നെ സി.പി.ഐ.എം തീരുമാനിച്ചിരുന്നു.

എന്നാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറയുന്നതാണ് പിന്നീട് കണ്ടത്. വി.എസ് തുടങ്ങിവെച്ച രാഷ്ട്രീയപോരാട്ടത്തിന്റെ പ്രതിഫലനങ്ങള്‍ വന്നുതുടങ്ങി. അഴിമതിക്കേസില്‍ ബാലകൃഷ്ണപ്പിള്ള ജയിലില്‍ പോയത് വി.എസിന്റെ പോരാട്ട വിജയമായിരുന്നു. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടി വീണ്ടും പ്രതിക്കൂട്ടിലായതും വി.എസാണ് ഗൂഢാലോചനക്ക് പിന്നിലെന്ന് ലീഗ് പറഞ്ഞതും വി.എസിന്റെ പോരാട്ടവീര്യത്തെ ജനങ്ങള്‍ക്ക് അനുഭവഭേദ്യമാക്കി. വി.എസില്‍ വിമോചകനെ കണ്ട അവര്‍ അങ്ങിനെയാണ് വി.എസ് നയിക്കണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ അണിയറയില്‍ തങ്ങളൊരുക്കിവെച്ച രഷ്ട്രീയ കണക്കുകള്‍ പിഴക്കുന്നത് സി.പി.ഐ.എമ്മിന് സഹിക്കാവതല്ലായിരുന്നു. ജനവികാരവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യവും കാറ്റില്‍പ്പറത്തി വി.എസിനെ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ അവര്‍ തീരുമാനിച്ചത് അങ്ങിനെയാണ്. എന്നാല്‍ 2006ലേത് പോലെ ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ പാര്‍ട്ടിക്ക് വീണ്ടും തിരുത്തേണ്ടി വന്നു. പക്ഷെ ഈ തിരുത്തലിന് പാര്‍ട്ടിയിലെ ഇപ്പോഴത്തെ നേതൃത്വം ഏറെ വില നല്‍കേണ്ടിവരും. വി.എസ് ഇനിയും നയിക്കെ തങ്ങളുടെ പ്രായോഗിക ഒത്തുതീര്‍പ്പ് രാഷ്ട്രീയം അതേപടി തുടരാന്‍ നേതൃത്വത്തിന് ഇനി കഴിഞ്ഞേക്കില്ല. കാരണം തിരിച്ചുവരുന്നത് പഴയ വി.എസ് എല്ല എന്നത് തന്നെ.

Advertisement