തിരുവനന്തപുരം: ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി വീണ്ടും പ്രസ്താവന നടത്തിയത് പാര്‍ട്ടി പറഞ്ഞിട്ടല്ലെന്ന് പിണറായി വിജയന്‍. ഒരാള്‍ ഇന്നത് സംസാരിക്കണമെന്ന് പാര്‍ട്ടി പറയാറില്ലെന്നും എല്‍.ഡി.എഫിന് ശക്തി പകരുന്ന പ്രസ്താവനകളേ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയുള്ളൂവെന്നും പിണറായി പറഞ്ഞു.

തന്റെ കൂടെ നില്‍ക്കുന്നവര്‍ നിരാശരാകേണ്ടി വരുമെന്ന് വി.എസ് പറഞ്ഞിരുന്നല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്നവര്‍ നിരാശരാകേണ്ടി വരില്ലെന്നായരിക്കും വി.എസ് ഉദ്ദേശിച്ചിരിക്കുകയെന്നും പിണറായി പറഞ്ഞു.

ലോട്ടറി വിഷയത്തില്‍ സര്‍ക്കാറിനും മന്ത്രിക്കും വീഴ്ച പറ്റിയെന്ന വി.എസിന്റെ പ്രസ്താവനയാണ് വിവാദമായത്. ലോട്ടറി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനും കോണ്‍ഗ്രസിനുമെതിരെ ശക്തമായ വിമര്‍ശനവുമായി സി.പി.ഐ.എം രംഗത്തുള്ളപ്പോഴാണ് വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ ഇങ്ങിനെ പറഞ്ഞത്. മഞ്ഞളാം കുഴി അലിയുടെ രാജിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് തന്റെ കൂടെ നില്‍ക്കുന്നവര്‍ നിരാശരാകേണ്ടി വരില്ലെന്ന് വി.എസ് പറഞ്ഞത്.

വി.എസിന്റെ ലോട്ടറി പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി അങ്ങിനെ പറയുമെന്ന് കരുതുന്നില്ലെന്ന് പിണറായി പറഞ്ഞിരുന്നു. പിന്നീട് വൈകീട്ട് ഐസക്കിനെതിരെ താന്‍ പ്രസ്താവന നടത്തിയിട്ടില്ലെന്നും ലോട്ടറി വിഷയത്തില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി ചില ചാനലുകളോട് വ്യക്തമാക്കിയിരുന്നു.