എഡിറ്റര്‍
എഡിറ്റര്‍
ടി.പിയുടെ ഇറച്ചി വിലയ്ക്ക് വിറ്റത് തിരുവഞ്ചൂര്‍: മറുപടിയുമായി വി.എസ്
എഡിറ്റര്‍
Saturday 22nd March 2014 11:00am

v.s-achuthanandan

തിരുവനന്തപുരം ടി.പി ചന്ദ്രശേഖരന്റെ ഇറച്ചി വിലയ്ക്ക് വിറ്റത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍.

ടി.പി ചന്ദ്രശേഖരന്‍ വധം പുസ്തകമാക്കി വിറ്റ് കാശുണ്ടാക്കിയത് തിരുവഞ്ചൂരാണെന്ന്  വി.എസ് തിരിച്ചടിച്ചു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം നടക്കട്ടേയെന്നും പാര്‍ട്ടിയില്‍ നടന്നത് രഹസ്യ ആന്വേഷണമാണെന്നും അന്വേഷണം നടത്തിയത് ആരാണെന്ന് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം പിണറായി വിജയനെ കുറ്റക്കാരനല്ലെന്നല്ല താന്‍ പറഞ്ഞതെന്നും കീഴ്‌ക്കോടതി വിധിയെയാണ് താന്‍ അഭിനന്ദിച്ചതെന്നും അത് മാധ്യമങ്ങള്‍ പറഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലാവ്‌ലിന്‍ കേസില്‍ മേല്‍ക്കോടതികള്‍ ഉണ്ടല്ലോയെന്നും വി.എസ് ചോദിച്ചു.

ടിപി വധക്കേസില്‍ ഒടുവില്‍ കൂറുമാറിയ വ്യക്തിയാണ് വിഎസ് എന്നും ടിപി ചന്ദ്രശേഖരനെ ഇറച്ചിയുടെ വിലക്ക് വിറ്റിരിക്കുകയാണ് വിഎസ് എന്നും തിരുവഞ്ചൂര്‍ ഇന്നലെ വിമര്‍ശിച്ചിരുന്നു.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് വി.എസ് തിരുവഞ്ചൂരിനെതിരെ വിമര്‍ശനം നടത്തിയത്. ടി.പി വധക്കേസില്‍ മാധ്യമങ്ങള്‍ സത്യം മറച്ച് വെയ്ക്കുകയാണെന്നും വി.എസ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ടി.പി വധം കൃഷിയായി മാറിയെന്നും വി.എസ് പറഞ്ഞു.

ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ടി.പി സര്‍ക്കാറിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കിയില്ലെന്നും പറഞ്ഞ വി.എസ് ടി.പിയുടെ വധത്തിന് കൂട്ട് നിന്നവരാണ് ഇപ്പോള്‍ ദൂ:ഖം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്നും ഫയാസ് ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Advertisement