തിരുവനന്തപുരം:സ്മാര്‍ട്ട്‌സിറ്റി വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിന് സാധിച്ചില്ല.തീരുമാനമെടുക്കാനായി ഇടതുമുന്നണിയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. .

ഇതുസംബന്ധിച്ച് രാഷ്ട്രീയ തീരുമാനം ആദ്യമുണ്ടായതിനുശേഷമേ മന്ത്രിസഭയ്ക്ക് തീരമാനം എടുക്കാന്‍ കഴിയുകയുള്ളൂ എന്ന നിഗമനത്തിലാണ് മന്ത്രിസഭായോഗം എത്തിച്ചേര്‍ന്നത്. സ്മാര്‍ട്ടിസിറ്റി പ്രശ്‌നത്തില്‍ അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഉണ്ടാവുമെന്ന് മന്ത്രി എസ്. ശര്‍മ ഇന്നലെ പറഞ്ഞിരുന്നു.

അതിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് അടങ്ങുന്ന പ്രദേശം പ്രത്യേക സാമ്പത്തിക മേഖലയാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തീരുമാനമായി. ഇതിനായി എസ് ബി ടിയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോഷ്യം രൂപീകരിക്കും.

ഈ കണ്‍സോഷ്യത്തില്‍ നിന്നും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന് ധനസഹായം ലഭ്യമാക്കും. എസ് ബി ടിയുടെ നേതൃത്വത്തില്‍ ഇതിനായി 2500 കോടിരൂപ ദേശസാല്‍കൃത ബാങ്കുകളിലൂടെ സമാഹരിക്കും.

ദേശീയപാതാ വിഷയത്തില്‍ ദേശീയ റോഡ് ഉപരിതല ഗതാഗത വകുപ്പുമന്ത്രി കമല്‍നാഥിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളസംസ്ഥാന വിവരാവകാശ കമ്മീഷനില്‍ എല്ലാ ഔദ്യോഗികപരിപാടികളിലും മലയാളം നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് നിര്‍ദേശിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.