തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ ആക്ടിംഗ് സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തില്‍ മര്‍ദിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രത്യേക ചര്‍ച്ചാ പരിപാടിക്കിടെയായിരുന്നു സംഭവം. പി. ജയരാജന്‍ പിന്നീട് ഷാജഹാനെ ഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ ‘പോര്‍ക്കള’ത്തിന്റെ കണ്ണൂരിലെ ചിത്രീകരണം പൂര്‍ത്തിയായ ഉടനെയായിരുന്നു സി.പി.ഐ.എം പ്രവര്‍ത്തകര്‍ പി.ജയരാജന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഷാജഹാനെ കൈയേറ്റം ചെയ്തത്. ഏഷ്യാനെറ്റിന്റെ കോഴിക്കോട് ബ്യൂറോ ചീഫാണ് ഷാജഹാന്‍.

കോണ്‍ഗ്രസില്‍ നിന്ന് പൈസ വാങ്ങിയാണ് പരിപാടി അവതരിപ്പിച്ചതെന്നും ഒഞ്ചിയത്തെ റെവലൂഷണറിക്കാരുടെ ഏജന്റാണ് ഷാജഹാനെന്നും ജയരാജന്‍ ഫോണിലൂടെ പറഞ്ഞു. ഇത്തരം പരിപാടികള്‍ ആവര്‍ത്തിച്ചാല്‍ ജനങ്ങളില്‍ നിന്ന് ഇനിയും തല്ലു കൊള്ളുമെന്നും ഇത് കണ്ണൂരാണെന്ന് മനസ്സിലാക്കിക്കോ എന്നും ജയരാജന്‍ ഭീഷണിപ്പെടുത്തി.

സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തകയൂണിയനും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും പ്രതിഷേധിച്ചു. ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സിറ്റിംഗ് എംഎല്‍എ ആയ പി.ജയരാജനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.