തിരുവനന്തപുരം: കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അധികാരത്തില്‍ തുടരണോയെന്ന് ഉമ്മന്‍ചാണ്ടി നിശ്ചയിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

കോടതിയുടെ നിരീക്ഷണത്തില്‍ ഒരു വിധിയുടെ സ്വഭാവമുണ്ട്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ രാജിയല്ലാതെ മറ്റൊരു പോംവഴിയും ഇല്ല. അതുണ്ടാകുമെന്നാണ് താന്‍ ആശിക്കുന്നത്- വി.എസ് പറഞ്ഞു.

കേസില്‍ കോടതിവിധി പ്രതികൂലമാകുമെങ്കില്‍ താന്‍ സ്വീകരിക്കുന്ന നിലപാട് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ നേരത്തെ അറിയിച്ചതാണെന്നും ഈ വാക്ക് പാലിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

അതേസമയം പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് ഡയരക്ടറുടെ റിപ്പോര്‍ട്ട് കോടതി തള്ളിയ സാഹചര്യത്തില്‍ ഡയരക്ടറെ തല്‍സ്ഥാനത്തു നിന്നു നീക്കണമെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിന്റെ മേല്‍നോട്ടം അദ്ദേഹം തന്നെ വഹിക്കുന്നത് ശരിയല്ല. യു.ഡി.എഫ് സര്‍ക്കാരിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ഡെസ്മണ്ട് നെറ്റോ തട്ടിക്കൂട്ടി തയാറാക്കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് കോടിയേരി കുറ്റപ്പെടുത്തി.

പ്രോസിക്യൂട്ടറുടെ അനുമതിയോ അഭിപ്രായമോ വിജിലന്‍സ് ഡയറക്ടര്‍ തേടിയിട്ടില്ല. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന നിയമോപദേശം പ്രോസിക്യൂട്ടര്‍ നല്‍കിയ കാര്യവും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുക പോലും ചെയ്തിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.

കോടതി കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം. മുമ്പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചതാണ്. കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ പോയാല്‍ താന്‍ കൂടി പ്രതിയാകേണ്ടി വരുമെന്ന് ബോധ്യമുള്ളതുകൊണ്ടാണ് കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി അന്ന് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോടിയേരി ആരോപിച്ചു.