പത്തനംതിട്ട: ചെങ്ങറ പട്ടയമേള വേദിയില്‍ സമരസമിതി നേതാവ് ളാഹ ഗോപാലന് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. ളാഹ ഗോപാലന്റെ പേരില്‍ വന്‍കിട കെട്ടിടങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക സ്‌ത്രോതസുകളെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ളാഹ ഗോപാലന് വര്‍ഗീയ സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കും.

സമരക്കാര്‍ക്ക് ഭൂമി നല്‍കാമെന്ന് പറഞ്ഞു പണം പിരിക്കുകയാണ് ളാഹ ഗോപാലന്‍ ചെയ്യുന്നത്. ഗുണ്ടകളെ ഉപയോഗിച്ച് സമരക്കാരെ മര്‍ദിക്കുന്നുണ്ട്. സമരസമിതി നേതാവെന്ന നിലയിലാണ് ഇത്രയും കാലം ളാഹ ഗോപാലന്റെ തെമ്മാടിത്തരം സര്‍ക്കാര്‍ സഹിച്ചതെന്നും ഇനി ഇതുനോക്കിനില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടയം കിട്ടിയവര്‍ ഭൂമിയില്‍ പ്രവേശിക്കുന്നത് തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെങ്ങറസമരത്തിന്റെ മൂന്നാംവാര്‍ഷിക ദിനത്തിലാണ് സര്‍ക്കാര്‍ മേള സംഘടിപ്പിച്ച് പട്ടയം വിതരണം ചെയ്തത്. കഴിഞ്ഞ ഒക്‌ടോബറിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് പാക്കേജ് പ്രകാരം സമരക്കാര്‍ക്ക് അനുവദിച്ച ഭൂമിയുടെ പട്ടയങ്ങളാണ് കൈമാറിയത്.