Categories

ഹസാരെ പ്രചോദനമായി: വി.എസ്

vs-madikkaiകോഴിക്കോട്: അഴിമതി വീരന്‍മാര്‍ക്ക് അണ്ണാ ഹസാരെയ്ക്ക് മുന്‍പില്‍ ആയുധംവെച്ച് കീഴടങ്ങേണ്ടി വന്നുവെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. ഹസാരെയുടെ സമരം വ്യക്തിപരമായി തന്നെ പ്രചോദിപ്പിക്കുന്നതാണെന്നും വി.എസ്. പറഞ്ഞു.

ലോകത്തിന് മുന്നില്‍ ഇന്ത്യയെ അപമാന കഥാപാത്രമാക്കുന്ന തരത്തിലാണ് അഴിമതി നടന്നത്. സ്‌പെക്ട്രം, ആദര്‍ശ്, കോമണ്‍വെല്‍ത്ത് തുടങ്ങി അഴിമതിയിലൂടെ കളങ്കിതമായ മന്‍മോഹന്‍സിങ്ങ് സര്‍ക്കാറിനെ ചോദ്യം ചെയ്യുന്നതായിരുന്നു ഹസാരെയുടെ സമരം. അതുകൊണ്ട് തന്നെ ഈ സമരം ലോക ശ്രദ്ധനേടി. ഇന്ത്യന്‍ യുവത്വത്തെ ആകെ അണിനിരത്താന്‍ കഴിഞ്ഞുവെന്നതാണ് ഈ സമരത്തിന്റെ പ്രത്യേകത.

ഒടുവില്‍ അഴിമതി വീരന്‍മാര്‍ക്ക് ഹസാരെയുടെ മുന്നില്‍ ആയുധം വെച്ച് കീഴടങ്ങേണ്ടി വന്നിരിക്കയാണ്. ഈ സമരത്തിന് കേരളത്തില്‍ നിന്ന് ഞാന്‍ ശക്തമായ പിന്തുണ നല്‍കിയിട്ടുണ്ട്.

ശാന്തിഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ലോക്പാല്‍ ബില്ലിന് വേണ്ടി കമ്മിറ്റി രൂപീകരിക്കാന്‍ കഴിഞ്ഞത് വിജയമാണ്. അതിനിടയാക്കിയ ഹസാരെയെ അങ്ങേയറ്റം പ്രശംസിക്കുകയാണ്.

കേരളത്തില്‍ പൊതുമുതല്‍ കട്ടുതിന്ന ഒരു മുന്‍വൈദ്യുതി മന്ത്രിയുടെ കൊള്ളരുതായ്മകള്‍ക്കെതിരെ കഴിഞ്ഞ 22 വര്‍ഷമായി ഞാന്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായി ഈ അടുത്ത കാലത്താണ് മന്ത്രി ശിക്ഷിക്കപ്പെട്ടത്. പെണ്‍കുട്ടികളെ നശിപ്പിക്കുന്ന നരാധമന്‍മാര്‍ക്കെതിരെയും പോരാട്ടം തുടരുകയാണ്. ഈ പോരാട്ടത്തില്‍ ഹസാരെ പ്രചോദനമായിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.