തിരുവനന്തപുരം: സംസ്ഥാന സമിതിയില്‍ വി.എസ് നടത്തിയെ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് രണ്ട് രീതിയില്‍. പ്രായാധിക്യം കാരണം താന്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും എന്നാല്‍ 140 മണ്ഡലങ്ങളിലും പ്രചാരണത്തിനുണ്ടാവുമെന്നുമായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ട് പിന്നീട് വി.എസ് കേന്ദ്രങ്ങള്‍ നിഷേധിക്കുകയായിരുന്നു.

തന്നെ മത്സരിപ്പിക്കാതിരിക്കാന്‍ ആനാരോഗ്യമാണ് ചിലര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രചാരണത്തില്‍ സജീവമാകാന്‍ തനിക്ക് കഴിയില്ലെന്നാണ് വി.എസ് സംസ്ഥാന സമിതിയില്‍ പറഞ്ഞതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. നേരത്തെ ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കമായാണ് വി.എസ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

പ്രചാരണത്തിന് വി.എസ് ഇല്ലെന്ന് വ്യക്തമാക്കിയതോടെ പാര്‍ട്ടി തീരുമാനത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കയാണ് വി.എസ് അച്യുതാനന്ദന്‍. കീഴടങ്ങലിന്റെ രാഷ്ട്രീയമല്ല താന്‍ മുന്നോട്ട് വെക്കുന്നതെന്ന വ്യക്തമായ സൂചനയാണ് വി.എസ് ഇതിലൂടെ നല്‍കിയിരിക്കുന്നത്.