ആലപ്പുഴ:മൂന്നാറിലെ ഒരു കയ്യേറ്റക്കാരെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാന്ദന്‍. എല്‍ ഡി എഫ് കയ്യേറ്റത്തിന് എതിരാണ്. മൂന്നാറില്‍ കയ്യേറ്റത്തിന് ചില ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

മൂന്നാറിലെ കയ്യേറ്റ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന സാഹചര്യത്തിലാണ് മധ്യമപ്രവര്‍ത്തകര്‍ ചോദിക്കും മുന്‍പേ താന്‍ ഈ കാര്യം നേരത്തേ പറയുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കും. എവിടെയാണ് കയ്യേറ്റം നടന്നിട്ടുള്ളതെന്ന് മനസിലാക്കിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി.

നേരത്തേ മൂന്നാര്‍ ഓപ്പറേഷനെ അഭിനന്ദിച്ചിരുന്ന യു ഡി എഫ് ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുന്നു. ഇതെന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. യു ഡി എഫ് ഭരണകാലത്ത് ഒരു സെന്റ് ഭൂമിപോലും തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല. ടാറ്റയടക്കമുള്ളവരില്‍ നിന്ന് ഭൂമി തിരിച്ചുപിടിച്ച സര്‍ക്കാറാണ് എല്‍ ഡി എഫിന്റെതെന്നും അദ്ദേഹം പറഞ്ഞു.