എഡിറ്റര്‍
എഡിറ്റര്‍
പിണക്കം മറന്ന് ജഗതിയെ കാണാന്‍ വി.എസ് എത്തി
എഡിറ്റര്‍
Monday 2nd April 2012 9:53am

വാഹനാപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ജഗതിയെ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എത്തി. കഴിഞ്ഞദിവസമാണ് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജഗതിയെ കാണാന്‍ വി.എസ് എത്തിയത്.

വി.എസും ജഗതിയും ദീര്‍ഘനാളായി പിണക്കത്തിലായിരുന്നു. വിതുര പെണ്‍വാണിഭക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് വി.എസിന് ജഗതിയോട് അനിഷ്ടമുണ്ടായത്. പിന്നീട് ഭൂട്ടാല്‍ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിച്ച ജഗതിയെ വി.എസ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

വി.എസ് മുഖ്യമന്ത്രിയായിരിക്കെ ഖാദിയുടെ പ്രചാരണത്തിനായി നടത്തിയ പരിപാടിയില്‍ ജഗതി ശ്രീകുമാറിനെ പങ്കെടുപ്പിച്ചതില്‍ വി.എസ് പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ജഗതിക്ക് വസ്ത്രം കൈമാറി കൈത്തറി പ്രചാരണം ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ജഗതിക്ക് വസ്ത്രം നല്‍കാന്‍ വി.എസ് വിസമ്മതിച്ചു. കായികതാരം അഞ്ജുബോബി ജോര്‍ജിന് വസ്ത്രം നല്‍കിയാണ് അന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്.

വി.എസ് നല്‍കിയ അപമാനത്തിന് ജഗതി പിന്നീട് പകരം വീട്ടിയതും വാര്‍ത്തയായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ വി.എസില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ജഗതി തയ്യാറായില്ല.

വി.എസിനും ജഗതിക്കും ഇടയില്‍ നിലനിന്നിരുന്ന ശീതയുദ്ധമാണ് കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടെ അവസാനിച്ചത്.

Advertisement