തിരുവനന്തപുരം: കാസര്‍ഗോഡ് ഭൂമിദാനക്കേസോടെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുഖംമൂടി അഴിഞ്ഞ് വീണതായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഭൂമിദാനക്കേസില്‍ നിന്നും വി.എസ്സിനെ ഒഴിവാക്കണമെന്ന വിവരാവകാശ ഉദ്യോഗസ്ഥന്റെ ശുപാര്‍ശയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിദാനക്കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ വി.എസ് ജനങ്ങളെ ബോധിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Ads By Google

അച്യുതാനന്ദന് വേണ്ടി ശുപാര്‍ശയുമായി അന്വേഷണ ഉദ്യോഗസ്ഥനെ സമീപിച്ച വിവരാവകാശ കമ്മീഷണര്‍ കെ.നടരാജന്‍ രാജിവെക്കണമെന്നും രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് ഭൂമിദാനക്കേസിന്റെ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുമ്പോള്‍ വി.എസ് അച്യുതാനന്ദനെ കുറ്റവിമുക്തനാക്കണമെന്നായിരുന്നു നടരാജന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 19ന് വിളിച്ചപ്പോള്‍ ഡി.വൈ.എസ്.പി കുഞ്ഞന്‍ ഫോണ്‍ സംഭാഷണം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.

ആരുടെയും നിര്‍ദേശപ്രകാരമല്ല താന്‍ വിളിക്കുന്നതെന്നും വി.എസ് അഴിമതിക്കാരനല്ലെന്ന പരിഗണന നല്‍കണമെന്നും നടരാജന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്.

കേരളം ഭരിക്കുന്നത് യു.ഡി.എഫ് തന്നെയാണെന്നും മുന്നണിയില്‍ ആര്‍ക്കും മുന്‍തൂക്കമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.