Categories

ജമാഅത്തെ ഇസ്‌ലാമിയുമായി ധാരണയില്ല: വി.എസ്

പാലക്കാട്: ജമാഅത്തെ ഇസ്‌ലാമിയുമായി സി.പി.ഐ.എം ഒരു തരത്തിലുള്ള ധാരണയുമുണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്ച്യുതാന്ദന്‍. ജമാഅത്തുമായി ചര്‍ച്ച നടത്തിയതില്‍ തെറ്റില്ല. ചര്‍ച്ചയ്ക്ക് അവര്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി അതിന് സജ്ജമായി എന്നേയുള്ളു. ചര്‍ച്ചക്കായി അവര്‍ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും പാലക്കാട് പ്രസ്‌ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കവെ വി.എസ് വ്യക്തമാക്കി.

സി.പി.ഐ.എം ഒരു മതനിരപേക്ഷ കക്ഷിയാണെന്നും ഇക്കാര്യം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലാവ്‌ലിന്‍ കേസില്‍ പ്രതിയായ പിണറായി വിജയനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് വി.എസ് കത്തെഴുതിയതായ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന അവസരത്തില്‍ തന്നെ കേന്ദ്രീകരിച്ച് കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയാണെന്നായിരുന്നു വി.എസ് പ്രതികരിച്ചു.

അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന വി.എസിന്റെ പഴയ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോള്‍ വി.എസ് ഇക്കാര്യം വിശദീകരിച്ചു.’ ക്രിമനിലുകളെ നേരിടുന്നതിന് കോടതി നടപടികളില്‍ കൂടി മാത്രമേ സാധിക്കുകയുള്ളൂ. അതിന് സമയമെടുക്കും. സ്‌പെക്ട്രം കേസില്‍ എ രാജ കിടക്കുന്നതു പോലെ കേരളത്തിലും ഒരു മുന്‍ മന്ത്രി ജയിലില്‍ കഴിയുന്നുണ്ട്. 20 വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അത് സാധിച്ചത്. കോടതി നടപടികള്‍ സമാധാനമായും ശാന്തമായും നേരിടണം. തിടുക്കം കൂട്ടുന്നവര്‍ ശുദ്ധഗതിക്കാരാണ്. കാത്തിരുന്നാല്‍ പിള്ളയെപോലെ പാമൊലിന്‍ കേസിലെയും മറ്റ് കേസുകളിലെയും പ്രതികള്‍ ജയിലില്‍ പോകുന്നത് കാണാം’- വി.എസ് വ്യക്തമാക്കി.

സംസ്ഥാനത്ത് എല്‍.ഡി.എഫ് നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. കാലാകാലങ്ങളില്‍ യു.ഡി.എഫ് ജയിച്ചുവരുന്ന മണ്ഡലങ്ങളിലടക്കം എല്‍.ഡി.എഫ് തരംഗമാണ് കാണുന്നത്. രണ്ട് രൂപ നിരക്കില്‍ അരി നല്‍കുന്ന പദ്ധതി അട്ടിമറിച്ച യു.ഡി.എഫിനെതിരേ ജനരോഷം അലയടിക്കുകയാണ്.

കോമണ്‍വെല്‍ത്ത് അഴിമതിയിലൂടെയും ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയിലൂടെയും മറ്റും കോണ്‍ഗ്രസിന് കിട്ടിയ പങ്കില്‍ ഒരു വിഹിതം ഉപയോഗിച്ച് കേരളത്തിലെ ജനവിധി അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഇത് ജനം അനുവദിക്കില്ല.

വി.എസിന് സീറ്റ് നിഷേധിച്ചപ്പോള്‍ നടന്ന പ്രകടനങ്ങളെ ന്യായീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് പ്രകടനം നടത്തുക എന്നത് പൗരന്റെ അവകാശമാണെന്നും ആര്‍ക്കും അത് നിഷേധിക്കാന്‍ ആവില്ലെന്നുമായിരുന്നു വി.എസിന്റെ മറുപടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.