തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി.വി അന്‍വര്‍ എം.എല്‍.എയ്ക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതിനൊന്നും കൂട്ടുനില്‍ക്കരുതെന്നും കത്തില്‍ പറയുന്നു.

Subscribe Us:

തോമസ് ചാണ്ടി കായല്‍ കൈയേറിയെന്നും പി.വി അന്‍വര്‍ അനുമതിയില്ലാതെ വാട്ടര്‍ പാര്‍ക്ക് നിര്‍മ്മിച്ചെന്നുമുള്ള ആരോപണങ്ങള്‍ നിയമസഭയെ പ്രക്ഷുബ്ധമാക്കിയിരുന്നു. അതേസമയം ഇരുവരെയും പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.


Also Read: അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഖ്യശത്രുവെന്ന് ശിവസേന


തോമസ് ചാണ്ടിയും പി.വി അന്‍വറും ഭൂമി കൈയേറിയെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നേരത്തെ പറഞ്ഞിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിരുന്നെന്നും വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാരിന് ഇതു സംബന്ധിച്ച് മുന്‍വിധികളൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൈയേറ്റങ്ങള്‍ സംബന്ധിച്ച് ആലപ്പുഴയിലെയും കോഴിക്കോട്ടെയും കളക്ടര്‍മാരോട് വിശദീകരണം സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.