തിരുവനന്തപുരം: ഭീമമായ സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. ഇതുസംബന്ധിച്ച് വി.എസ് ആരോഗ്യ മന്ത്രിയ്ക്ക് കത്തു നല്‍കി.

ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു കമ്മിറ്റിയുടെ ശുപാര്‍ശയാണ് ഫീസ് വര്‍ധനവ് എന്നു പറഞ്ഞ് സര്‍ക്കാര്‍ മാറി നില്‍ക്കുന്നത് ശരിയല്ലെന്നും ഇതു സ്വാശ്രയ മാനേജുമെന്റുകളുടെ കൊള്ളക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്ന് പ്രതീതിയുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


 

Also Read: ശ്രീകൃഷ്ണ മഠത്തിലെ ഇഫ്താര്‍ ഹിന്ദുക്കള്‍ക്ക് അപമാനമെന്ന് ശ്രീരാമസേന നേതാവ്; വായടപ്പിക്കുന്ന മറുപടിയുമായി മഠാധിപതി വിശ്വേഷ്തീര്‍ത്ഥ സ്വാമി


സ്വാശ്രയ എംബിബിഎസ് സീറ്റിന് 85% സീറ്റിലും അഞ്ചരലക്ഷം രൂപ ആയാണ് ഫീസ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതു സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ അടക്കം ഗുരുതരമായി ബാധിക്കുന്നതാണെന്ന് വി.എസ് പറഞ്ഞു.

ഇതു വലിയ തോതിലുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനും ഇടയാക്കി എന്നു വരും. അതുകൊണ്ട് അടിയന്തിരമായി ഭീമമായ ഈ ഫീസ് വര്‍ധന പിന്‍വലിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

ഫീസ് വര്‍ധനയ്ക്കെതിരെ എസ.്എഫ.്‌ഐയും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും ഇതിനകം രംഗത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വി.എസിന്റെ കത്ത്.