എഡിറ്റര്‍
എഡിറ്റര്‍
വി.എസ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കില്ല, കോഴിക്കോട് വിട്ടു
എഡിറ്റര്‍
Monday 9th April 2012 3:30pm

കോഴിക്കോട്: സി.പി.ഐ.എം 20ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ വി.എസ് അച്ച്യുതാനന്ദന്‍ പങ്കെടുക്കില്ല. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്ന് മണിയോടെ അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനമാര്‍ഗമാണ് വി.എസ്. തിരുവനന്തപുരത്തേക്ക് പോകുന്നത്. തിരുവനന്തപുരത്തെ ചില സുഹൃത്തുക്കളെ കാണാനാണ് വി. എസ്. പോകുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ തിരഞ്ഞെടുത്ത പുതിയ പി.ബി അംഗങ്ങളെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ വി.എസ് അച്ച്യുതാനന്ദനെ ഉള്‍പ്പെടുത്തിയിരുന്നില്ല. സമ്മേളന നടപടികള്‍ പൂര്‍ത്തിയാവും മുമ്പ് തന്നെ നേരത്തെ അദ്ദേഹം വേദി വിട്ടിരുന്നു.

എന്നാല്‍ തനിക്ക് തിരുവനന്തപുരത്തേക്ക് പോവേണ്ടതുള്ളതുകൊണ്ടാണ് പൊതു സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി നന്നായി പ്രവര്‍ത്തിക്കുന്നവരെയാണ് പി.ബിയിലേക്ക് തിരഞ്ഞെടുത്തത്. താന്‍ പഴയതുപോലെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്താനുള്ള ഭേദഗതി വന്നപ്പോള്‍ വി.എസിന് പ്രത്യേക പരിഗണന നല്‍കി അംഗീകാരം നല്‍കാമെന്ന് കാരാട്ട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തനിക്ക് പ്രത്യേക പരിഗണന വേണ്ടെന്ന് വി.എസ് പറഞ്ഞു. ഇതെ തുടര്‍ന്ന് പി.ബി ഭേദഗഗതി തള്ളുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

പോളിറ്റ്ബ്യൂറോയില്‍ തിരിച്ചെടുക്കാത്തതില്‍ വി.എസിന് കടുത്ത നിരാശയുള്ളതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. വി.എസ്. ഒഴികെയുള്ള മുഴുവന്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളും പൊതുസമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. ഇവര്‍ക്കുവേണ്ടി സദസ്സിന്റെ മുന്‍നിരയില്‍ തന്നെ 87 കസേരകളും ഒരുക്കിയിട്ടുണ്ട്.

പി.ബി. അംഗങ്ങളെ തിരഞ്ഞെടുത്ത് പാര്‍ട്ടി പാര്‍ട്ടി കോണ്‍ഗ്രസിന് തിരശീല വീഴുംമുന്‍പ് തന്നെ ഒരു മണിയോടെ വി.എസ്. സമ്മേളനവേദി വിട്ടിറങ്ങി ഗസ്റ്റ്ഹൗസിലേയ്ക്ക് മടങ്ങിയിരുന്നു. ഒരു മണിക്കൂറോളം ഇവിടെ വിശ്രമിച്ചശേഷമാണ് വി.എസ്. യാത്രതിരിച്ചത്.

പൊതുസമ്മേളനത്തിന്റെ വേദിയില്‍ പി.ബി. അംഗങ്ങള്‍ക്കു മാത്രമാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള എന്നിവര്‍ മാത്രമാണ് പ്രസംഗിക്കുന്നത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വാഗതം പറയും.

അതേസമയം വി.എസിനെ പി.ബിയില്‍ ഉള്‍പ്പെടുത്താതിരിക്കുകയും പാര്‍ട്ടി കോണ്‍ഗ്രസില്‍ പോലും പങ്കെടുക്കാതിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയെ നിലനിര്‍ത്തുകയും ചെയ്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പി.ബി യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാതെ പാര്‍ട്ടി നടപടികളെ തന്നെ അപമാനിക്കുന്ന തരത്തിലാണ് ബുദ്ധദേവ് പ്രവര്‍ത്തിച്ചിരുന്നത്.

Malayalam News

Kerala News in English

Advertisement