vs-rw
കണ്ണൂര്‍: കണ്ണൂര്‍ നിയമ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വി ജയരാജന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലുമണിയോടെ കണ്ണൂരിലാണ് പരിപാടി. ജയരാജന്റെ പോസ്റ്ററുകളും ഫഌക്‌സ് ബോര്‍ഡുകളും സ്ഥാപിച്ച് മണ്ഡലത്തില്‍ എല്‍.ഡി.എഫ് പ്രചരണം തുടങ്ങിക്കഴിഞ്ഞു. മൂന്നു മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ഥിത്വം സി.പി.ഐ.എമ്മിലെ ജയരാജന്റേതായിരുന്നു.

ഒരു ദശകത്തിലേറെയായി കൈ വിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കുകയെന്നതാണ് ജയരാജന്റെ നിയോഗം. ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ ആക്കം കുറക്കാന്‍ ഉപതിരഞ്ഞെടുപ്പില്‍ ജയം മാത്രമേ മതിയാകൂ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ സി.പി.ഐ.എം വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടായതായി പാര്‍്ട്ടി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. വി എസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞ വിവാദങ്ങള്‍ വോട്ടിനെ വന്‍ തോതില്‍ സ്വാധീനിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഈ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യമാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിന് വി എസിനെ കൊണ്ട് വന്നതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്.

ജില്ലയിലെ കരുത്തനായ പാര്‍ട്ടി നേതാവാണ് ജയരാജന്‍. കഴിഞ്ഞ രണ്ടു തവണ എടക്കാട് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. ജയരാജനെ സ്ഥാനാര്‍ഥിയാക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം ഏകകണ്ഠമായാണ് സംസ്ഥാന നേതൃത്വം അംഗീകരിച്ചത്. മണ്ഡലത്തില്‍ തന്റെ വ്യക്തിപരമായ സ്വാധീനം വോട്ടാക്കി മാറ്റാന്‍ ജയരാജന് കഴിയുമെന്നാണ് കരുതുന്നത്. ഇന്നത്തെ കണ്‍വെന്‍ഷനോടെ പ്രചാരണ രംഗത്ത് വന്‍ മേല്‍ക്കൈ നേടാനാവുമെന്നാണ് സി.പി.ഐ.എം കണക്കുകൂട്ടുന്നത്. കഴിഞ്ഞ തവണ കൈവിട്ടു പോയ പതിനായിരത്തില്‍പരം പരമ്പരാഗത വോട്ടുകള്‍ തിരികെ പിടിക്കുക എന്നതാണ് ജയരാജന്റെ പ്രധാനലക്ഷ്യം.

ജില്ലയില്‍ ഇടഞ്ഞു നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും തിരികെ കൊണ്ടു വരാന്‍ ശ്രമം നടക്കുന്നുണ്ട്. പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം വി എസും പാര്‍ട്ടിയുമായി അടുത്ത കാലത്തൊന്നും സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടായിട്ടില്ല. ഇത് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംഘടനാ സംവിധാനം മുഴുവനായി ഉപയോഗിക്കുന്നതിന് സഹായകരമാവുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. വി. എസ്സിന്റെ ജനപ്രീതിയും പാര്‍ട്ടി വിട്ടവര്‍ക്കു മേലുള്ള സ്വാധീനവും ഇതിന് സഹായകരമാവുമെന്നാണ് കണക്കു കൂട്ടല്‍. ജില്ലയില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളായ സംസ്ഥാനസെക്രട്ടറി പിണറായി വിജയനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും മണ്ഡലത്തില്‍ അധികം പ്രചാരണങ്ങളില്‍ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്.

അതേസമയം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ തീരുമാനമായിട്ടില്ല. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സോണിയക്ക് കത്തയച്ചിരുന്നു. എ പി അബ്ദുല്ലക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ചരടു വലികളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. യു.ഡി.എഫ് രംഗത്തെത്തും മുമ്പ് പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോകാനാണ് എല്‍.ഡി.എഫ് തീരുമാനം.