Categories

കാപ്പിറ്റല്‍ പണിഷ്‌മെന്റെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട, അത് വിലപ്പോവില്ല: വി.എസ്

തിരുവനന്തപുരം: കാപ്പിറ്റല്‍ പണിഷ്‌മെന്റ് എന്നു പറഞ്ഞ് ആരും പേടിപ്പിക്കേണ്ടെന്നും അത് വിലപ്പോവില്ലെന്നും പ്രതിപക്ഷ നേതാവും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ വി.എസ് അച്യുതാനന്ദന്‍. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വി.എസിനെ കാപ്പിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന് മുദ്രാവാക്യം വിളിക്കുകയാണ് ചിലര്‍. ജീവത്യാഗം വരിക്കുന്നത് കമ്മ്യൂണിസ്റ്റിന് സാധാരണ സംഭവമാണ്. അവരെ ജനങ്ങള്‍ സ്‌നേഹിക്കുന്നതും സ്വഭാവികം. 1943ല്‍ കയ്യൂരില്‍ കൃഷിഭൂമിയില്‍ സ്ഥിരാവകാശത്തിനായി സമരം ചെയ്ത യുവാക്കളായ നാലു കൃഷിക്കാരെ സാമ്രാജ്യത്വം തൂക്കുകയറിന് വിധേയരാക്കി. പുന്നപ്രയിലും വയലാറിലും സാമ്രാജ്യത്വം ആയിരക്കണക്കിനാളുകളെ കൊന്നു. ഇതേപോലെ ക്രൂരമായ മര്‍ദ്ദനവും തൂക്കുകയറും വെടിയുണ്ടയും എല്ലാം വെല്ലുവിളിച്ചു കൊണ്ട് നേരിട്ട ഞങ്ങളെ ഇപ്പോള്‍ കാപ്പിറ്റല്‍ പണിഷ്‌മെന്റ് എന്നു പറഞ്ഞു ഭയപ്പെടുത്താന്‍ നോക്കിയാല്‍ അത് വിലപ്പോവില്ല എന്ന് ഈ വേളയില്‍ ഓര്‍മ്മിപ്പിക്കുകയാണ്. ഞങ്ങള്‍ തൂക്കുകയറിനെ നേരിട്ടവരാണെന്നും’ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

വന്‍ കയ്യടിയോടെയാണ് വി.എസിന്റെ പ്രസംഗം പ്രവര്‍ത്തകര്‍ ശ്രവിച്ചത്. നേരത്തെ പിണറായി വിജയന്‍ സമര്‍പ്പിച്ച പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രതിനിധിയുമായ എം സ്വരാജ്, വി.എസ് അച്യുതാനന്ദനെ കാപ്പിറ്റല്‍ പണിഷ്‌മെന്റിന് വിധേയമാക്കുകയാണ് വേണ്ടതെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങളിലൂടെയാണ് പുറത്തു വന്നത്. സമ്മേളനത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തയെല്ലാം വിശ്വസിക്കരുതെന്ന് പിണറായി പറഞ്ഞിരുന്നെങ്കിലും, കാപ്പിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന പ്രസ്താവനയോട് വി.എസ് പ്രതികരിച്ചത് മാധ്യമ വാര്‍ത്തയെ സാധൂകരിക്കുകയാണ് ചെയ്തത്.

വി.എസിന് മുമ്പ് സംസാരിച്ച് പിണറായി വിജയന്‍ സി.പി.ഐയെയും സി.കെ ചന്ദ്രപ്പനെയും പേരെടുത്ത് പറയാതെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഇടതുപക്ഷത്തിന്റെ ഐക്യം ശക്തിപ്പെടുത്തണമെന്ന ആഹ്വാനമാണ് തന്റെ പ്രസംഗത്തില്‍ വി.എസ് നടത്തിയത്. പരസ്പരം താറടിക്കുന്നതില്‍ നിന്നും പിന്‍മാറണം. ‘ഇനിയും ഭാവിയിലും നിങ്ങള്‍ക്ക് ഉപകാരം ചെയ്യാന്‍ കഴിയുന്ന ഒരു കക്ഷിയെ താറടിക്കാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്കു നല്ലതല്ല.’ പരസ്പരം സഹകരിക്കേണ്ട പ്രസ്ഥാനങ്ങള്‍ തമ്മില്‍ താറടിക്കുന്നത് ദോഷം ചെയ്യും. പരസ്പരം വെല്ലുവിളിക്കാതെ ഇടതു കക്ഷികള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ഇത് എല്ലാവരോടുമുള്ള അഭ്യര്‍ഥനയാണ്.

ഒരു തരത്തിലുള്ള കള്ളപ്രചാരവേലയ്ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തളര്‍ത്താനാവില്ല. പാര്‍ട്ടിക്കെതിരെ വളരെവളരെ മോശം പ്രചാരണം എതിര്‍പക്ഷം നടത്തുമ്പോഴും പാര്‍ട്ടി ജനപക്ഷത്താണെന്നത് വിസ്മരിക്കാന്‍ കഴിയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ മലര്‍ന്നു കിടന്നു തുപ്പുകയാണെന്നും ആ തുപ്പല്‍ അവരുടെ നെഞ്ചത്തു തന്നെ വീഴുമെന്നും വി.എസ് പറഞ്ഞു.

കമ്യൂണിസ്റ്റ് ഐക്യം ശക്തിപ്പെടുത്തി ജനവിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും വി.എസ് പറഞ്ഞു. ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി സൂചിപ്പിച്ച് നിസ്സാരപ്രശ്‌നങ്ങളെ ചൊല്ലി അകലാതെ ജനങ്ങള്‍ നേരിടുന്ന സുപ്രധാന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇടതുകക്ഷികള്‍ ഒന്നിക്കണമെന്ന സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദന്റെ പ്രസംഗത്തെക്കുറിച്ച് പറഞ്ഞാണ് വി.എസ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

മാധ്യമ സിന്‍ഡിക്കേറ്റ് വീണ്ടും സജീവം; ഗൗരി ദാസന്‍ നായര്‍ നേതാവ്: പിണറായി

Kerala News In English

4 Responses to “കാപ്പിറ്റല്‍ പണിഷ്‌മെന്റെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട, അത് വിലപ്പോവില്ല: വി.എസ്”

 1. baijuramdas

  വോട്ടു കിട്ടാന്‍ V S തന്നെ വേണം. ഇനി കിട്ടാതെ പോയ വോട്ടിനു കുറ്റം പറയാനും ഇയ്യാളെ തന്നെ വേണം. അപ്പോള്‍ പിന്നെ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ബാക്കി ഉള്ള സഖാക്കള്‍ക്ക് എത്രത്തോളം സ്വാധീനം ഉണ്ടെന്നു പാര്‍ട്ടിക്ക് തന്നെ നല്ല പോലെ അറിയാം . ഇനി v s ഇല്ലാത്ത കാലത്തേക്ക് വോട്ടു കിട്ടാന്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ തന്നെ യേശുവിനെയും , നബിയും ഒകെ സഖാക്കള്‍ ആക്കാന്‍ തുടങ്ങാം . പിന്നെ കോണ്‍ഗ്രസ്‌-നെ പോലെ കേരളത്തില്‍ ഒറ്റക് മത്സരിച്ചാല്‍ 10 സീറ്റ്‌ പോലും കിട്ടുമോ എന്നാ സംശയത്തില്‍ മത – സമുദായ സങ്കടനക്കളുടെ കാല് നക്കി പതുകെ പതുകെ മുഖ്യ ധാരയില്‍ നിന്നും ഇല്ലാതെ ആവാം . ഈ പ്രത്യയ ശാസ്ത്രം എന്ന് പറഞ്ഞ സാധനം ഉള്ളത് കൊണ്ട് പാര്‍ട്ടിയെ ഇല്ലാതാകാന്‍ എന്തായാലും പിണറായിക്ക് കുറച്ച കഷ്ട്ടപെടെണ്ടി വരും …

 2. babu

  .വീയെസ്സിന്റെ പ്രസംഗത്തില്‍ നിന്നും ഒരു ‘ capital punishment ‘വീണു കിട്ടിയപ്പോള്‍ ചോര്‍ത്തല്‍ വീരന്മാരും പാര്‍ടിയെ അളവറ്റു സ്നേഹിക്കുന്ന നിഷ്പക്ഷ ബുജി ചര്‍ച്ചാംദേഹികളും നെഞ്ചത്ത്‌ കൈവച്ചു പറഞ്ഞു ” ഭഗവാനെ നീ കാത്തു , ഇതും പറഞ്ഞു രണ്ടു ദിവസം പിടിച്ചു നില്‍ക്കാം ” എന്ന് ..

 3. suresh

  ത്യാഗ സുരഭിലമായ ജീവിതം ഉള്ള നേതാക്കളെ ക്യാപ്പിറ്റല്‍ പണിഷ് മെന്റിന് വിധേയമാക്കുകയല്ല അവരെ ഉള്‍ക്കൊണ്ട് ആദരിക്കണം എന്ന് വി.എസ്. അതു കൊണ്ടാണ് എന്‍.കെ.മാധവനേയും എം.എം.ലോറന്‍സിനേയും കെ.എന്‍.രവീന്ദ്രനാഥിനേയും ഗൌരിഅമ്മയേയും രാഘവനേയും ഒക്കെ ക്യാപിറ്റല്‍ പണിഷ് മെന്റിന് വിധേയമാക്കാതെ വി.എസ്.ആദരിച്ച് സംരക്ഷിച്ചത്.

 4. thomas p.v

  അച്ചുമാമായുടെ ജനപ്രീതി കണ്ട് വിറളി പിണറായിക്ക് പണ്ടും ഉള്ളതാ..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.