കാസര്‍കോട് : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കനുകൂലമായി പ്രകടനം നടത്തിയവരെ അനുകൂലിച്ച് വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവന നടത്തിയതിന് പിന്നാലെ പ്രകടനക്കാര്‍ക്കെതിരെ കര്‍ശന നടപടികളുമായി സി.പി.ഐ.എം ഔദ്യോഗിക പക്ഷം രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിന് സീറ്റ് നിഷേധിച്ചുവെന്ന വാര്‍ത്തകളുടെ പേരില്‍ നീലേശ്വരത്ത് പ്രതിഷേധ പ്രകടനം നടത്തിയ 12 ബ്രാഞ്ച് കമ്മറ്റി അംഗങ്ങളെക്കൂടി സി പി ഐ എം ഇന്ന് സസ്‌പെന്‍ഡു ചെയ്തു.

കാസര്‍ക്കോട്ടെ മടിക്കെ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി, പരപ്പ ലോക്കല്‍ കമ്മറ്റി, നീലേശ്വരം ലോക്കല്‍ കമ്മറ്റി എന്നിവടങ്ങളില്‍ നിന്നുള്ള 12 അംഗങ്ങളെയാണ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ജില്ലാ കമ്മറ്റിയുടെ നിര്‍ദേശപ്രകാരം സിപി ഐ എം നീലേശ്വരം ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം. ഏരിയാകമ്മറ്റിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് സസപെന്‍ഷന്‍ നടപടി പുറപ്പെടുവിച്ചത്. അതത് ബ്രാഞ്ച് കമ്മറ്റികള്‍ സസപെന്‍ഷന്‍ നടപടി കര്‍ശനമായി നടപ്പിലാക്കണമെന്നും ഏരിയാകമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

വി എസ്സ് അനുഭാവികളായ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്ത അംഗങ്ങളെ നേരത്തെ ബ്രാഞ്ച് കമ്മറ്റി താക്കീത് ചെയ്തിരുന്നു. എന്നാല്‍ താക്കീലൊതുക്കാതെ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാടില്‍ സി.പി.ഐ.എം ഔദ്യോഗിക പക്ഷം ഉറച്ച്‌നിന്നതിനെതുടര്‍ന്നാണ് പുതിയ നടപടി. കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിന് പാര്‍ട്ടി ടിക്കറ്റ് നിരസിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടന്നിരുന്നു. കാസര്‍ഗോഡ് ജില്ലയുടെ നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ തുടങ്ങി വിവിധഭാഗങ്ങളിലും ഇത്തരത്തില്‍ പ്രകടനം നടന്നിരുന്നു.

ഉദുമയില്‍ ഇത്തരത്തില്‍ വി.എസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തിയ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ മകനുള്‍പ്പെടെ ഒന്‍പതു പേരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനിനെതിരെ കഴിഞ്ഞദിവസം വി.എസ് പ്രതികരിച്ചിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നത് പാര്‍ട്ടി ഭരണഘടനാ വിരുദ്ധമാണെന്നും പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തത് ശരിയായില്ലെന്നുമാണ് കാഞ്ഞങ്ങാട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി വി.എസ് പ്രതികരിച്ചത്.

എന്നാല്‍ വി എസ്സിന്റെ പ്രതികരണം ആശയകുഴപ്പം സൃഷ്ടിക്കുന്നതാണെന്നും പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതിന് കേന്ദ്രകമ്മറ്റിയുടെ അംഗീകാരം കിട്ടിയിരുന്നെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ പത്രകുറിപ്പില്‍ സംസ്ഥാന സെക്രട്ടറിയേറ്റ വ്യക്തമാക്കിയിരുന്നു.പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ മേധാവിത്വത്തിനായി വി എസ്സ് പക്ഷവും ഔദ്യോഗിക പക്ഷവും തുറന്ന ഏറ്റ്മുട്ടലിലേക്കാണ് നീങ്ങുന്നതെന്നാണ് പുതിയ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തുന്നത്.