ban endosulfan for humankind

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്റെ മാരകഫലത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും കമ്പനിയെ ന്യായീകരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. വിഷയത്തില്‍ കേരളത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്നും വി.എസ് പറഞ്ഞു.

Subscribe Us:

ആഗോളതലത്തില്‍തന്നെ നിരോധിച്ച മാരകമായ കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. ഇത് ഉളവാക്കുന്ന മാരകഫലത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. എന്‍ഡോസള്‍ഫാന്റെ ദുരിതം മൂലം സ്ത്രീകള്‍ ഗര്‍ഭച്ഛിദ്രം നടത്തിയെന്ന വാര്‍ത്തകള്‍ വരെ പുറത്തുവന്നിട്ടും കമ്പനിയെ ന്യായീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.എസ് ആരോപിച്ചു.

എന്‍ഡോസള്‍ഫാന്റെ കാര്യം താന്‍ പ്രതിപക്ഷനേതാവായപ്പോഴേ നിയമസഭയില്‍ ഉന്നയിച്ചിരുന്നുവെന്ന് വി.എസ് പറഞ്ഞു. നേരത്തേ എന്‍ഡോസള്‍ഫാനെതിരേ കാസര്‍ക്കോട് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിച്ച വന്ദന ശിവ അടക്കമുള്ള നേതാക്കള്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും ശരത് പവാര്‍ പണം വാങ്ങിയിട്ടുണ്ടെന്നും ക്രിക്കറ്റിന് നല്‍കുന്ന നികുതിയിളവിന് തുല്യമായ തുകയെങ്കിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്‍കണമെന്നും വന്ദന ശിവ അഭിപ്രായപ്പെട്ടിരുന്നു.