ന്യൂദല്‍ഹി: കൂടംകുളം വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രകമ്മിറ്റിയില്‍ വി.എസ് ആവശ്യപ്പെട്ടു. ഇന്ന് ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ തന്റെ നിലപാട് വ്യക്തമാക്കികൊണ്ടാണ് വി.എസ് ഈ ആവശ്യം ഉന്നയിച്ചത്.  ഇന്നലെ വൈകുന്നേരം പ്രകാശ് കാരാട്ടിന് നല്‍കിയ കത്തിലാണ് വി.എസ് തന്റെ നിലപാട് വിശദീകരിച്ചത്.

Ads By Google

തുടര്‍ന്ന് ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയില്‍ വി.എസ് കത്തിന്റെ കോപ്പികള്‍ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കായി വിതരണം ചെയ്തു. കത്തില്‍ പ്രധാനമായും നാല് കാര്യങ്ങളാണ് പറയുന്നത്, എന്തുകൊണ്ടാണ് താന്‍ കൂടംകുളം സന്ദര്‍ശിച്ചതെന്ന് വി.എസ് കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

കൂടംകുളം ഒരു ജനകീയ വിഷയമാണെന്നും ആണവോര്‍ജ്ജത്തെക്കുറിച്ച് പാര്‍ട്ടിയുടെ നയരൂപീകരണ കമ്മിറ്റിയായ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പാര്‍ട്ടി ഒരു നയം രൂപപ്പെടുത്തിയിരുന്നെങ്കിലും അന്നത്തെ സ്ഥിതിയല്ല ഇപ്പോള്‍ കൂടംകുളം വിഷയത്തില്‍ നിലനില്‍ക്കുന്നതെന്നും വി.എസ് വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷയ്ക്കായിരിക്കണം പാര്‍ട്ടി പ്രാധാന്യം നല്‍കേണ്ടത്. ജയ്താപൂര്‍ ആണവനിലയ പദ്ധതിയോടുള്ള അതേ നിലപാട് തന്നെയായിരിക്കണം കൂടംകുളത്തോടും.

അതേസമയം വി.എസിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്ന് കൂടംകുളം സമരനേതാവ് ഉദയകുമാര്‍ പറഞ്ഞു. ജയ്താപൂര്‍ പദ്ധതിയോടുള്ള അതേനിലപാട് തന്നെയാവണം കൂടംകുളത്തും സ്വീകരിക്കേണ്ടത്. ഇടതുപക്ഷം ബി.ജെ.പി യെ പോലെ ചിന്തിക്കാന്‍ പാടില്ലെന്നും ഉദയകുമാര്‍ വ്യക്തമാക്കി.