കോട്ടയം: മഞ്ഞളാംകുഴി അലിയെ താന്‍ പാര്‍ട്ടിയിലേക്ക് തിരിച്ച് വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ക്ഷണിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും എറണാകും പ്രസ്‌ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തിന് വലിയ സംഭാവന ചെയ്തയാളാണ് അലിയെന്നും അലി തെറ്റുതിരിത്തുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു വി.എസ് കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രവാസികള്‍ക്ക് നിരവധി പ്രയോജനകരമായ പദ്ധതികള്‍ ആവിഷ്‌കരിച്ച ജനപ്രതിനിധിയാണ് അലിയെന്നും വി.എസ് പറഞ്ഞിരുന്നു. വി.എസ് അലിയെ തിരിച്ചുവിളിച്ചുവെന്നായിരുന്നു മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.

തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും വി.എസ് പറഞ്ഞു. അതേസമയം ഇടതുപക്ഷ അനുഭാവിയായിരുന്നപ്പോള്‍ അലി നല്ല കാര്യങ്ങള്‍ ചെയ്തിരുന്നുവെന്ന് വി.എസ് ആവര്‍ത്തിച്ചു. അലി അപമാനിക്കപ്പെട്ടുവോയെന്ന് ഇനിയും വ്യക്തമായിട്ടില്ല. അദ്ദേഹം ഇനിയും അഭിപ്രായം പ്രകടിപ്പിക്കട്ടെ, അപ്പോള്‍ അക്കാര്യം പരിശോധിക്കാമെന്നും വി.എസ് പറഞ്ഞു.

മതമേലധ്യക്ഷന്‍മാര്‍ രാഷ്ട്രീയത്തിലിടപെടുന്നതിനെ വിമര്‍ശിക്കുമെന്ന് വി.എസ് വ്യക്തമാക്കി. പുരോഹിതര്‍ കരുതലോടെ പ്രവര്‍ത്തിക്കണം. പാര്‍ട്ടി മതത്തിനെതിരാണെന്ന വാദം അടിസ്ഥാന രഹിതമാണ്. വ്യവസ്ഥ പാലിക്കാതെ ഒരു ലോട്ടറി ടിക്കറ്റ് പോലും സംസ്ഥാനത്ത് വില്‍പന നടത്താന്‍ അനുവദിക്കില്ല. കോണ്‍ഗ്രസ് ലോട്ടറി മാഫിയക്ക് ഒത്താശ ചെയ്യുകയാണ്. അന്യ സംസ്ഥാന ലോട്ടറി ചൂതാട്ടമാണ്. ചൂതാട്ടത്തിനെതിരെ ജനവികാരമുയരണമെന്നും വി.എസ് പറഞ്ഞു.