തിരുവനന്തപുരം: വിവാദ ലോട്ടറി വ്യവസായ സാന്റിയാഗോ മാര്‍ട്ടിനെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രി വി.എസ് എച്യുതാനന്ദന്റെ നിര്‍ദേശം. എ.ഡി.ജി.പി സിബി മാത്യൂസിനാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. മേഘ കേന്ദ്ര നിര്‍ദേശം ലംഘിച്ചതായി വ്യക്തമായതായും മേഘക്കെതിരെ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി എ.ഡി.ജി.പിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

മാര്‍ട്ടിനെതിരെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഭൂട്ടാനില്‍ നിന്ന് ശേഖരിച്ച തെളിവ് സിബിമാത്യൂസിന് കൈമാറിയിട്ടുണ്ട്. സിബിമാത്യൂസ് മേഘക്കെതിരെ ശേഖരിച്ച തെളിവുകള്‍ കൂടി പരിഗണിച്ച് മാര്‍ട്ടിന്റെ ബന്ധു ജോണ്‍ കെന്നഡിക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും വി.എസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മൂന്ന് കാര്യങ്ങളാണ് പ്രധാനമായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പാലക്കാട് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസിലുണ്ടായ തീപ്പിടുത്തത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം. ഇതിനായി മേഘ ഡിസ്ട്രിബ്യൂട്ടര്‍ ജോണ്‍ കെന്നഡിക്കെതിരെ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. ഹൈക്കോടതിയില്‍ മേഘ നല്‍കിയ രേഖകള്‍ വ്യാജമാണെന്നും ഇതെക്കുറിച്ച് അന്വേഷിച്ച് വഞ്ചനക്കും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും മേഘക്കെതിരെ കേസെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സാന്റിയാഗോ മാര്‍ട്ടിന്‍ ഭൂട്ടാന്‍ സര്‍ക്കാറിനയച്ച കത്താണ് പ്രധാന തെളിവായി വി.എസ് ഉയര്‍ത്തിക്കാട്ടുന്നത്. ലോട്ടറി വിറ്റ് കിട്ടുന്ന പണം സര്‍ക്കാര്‍ ഖജനാവില്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കാറാണ് സമ്മാനം വിതരണം ചെയ്യേണ്ടതുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ചട്ടം. എന്നാല്‍ 5000 രൂപയില്‍ താഴെയുള്ള സമ്മാനം തങ്ങള്‍ വിതരണം ചെയ്തുകൊള്ളാമെന്നും ഇതിന് മുകളിലുള്ള സമ്മാനത്തുക സര്‍ക്കാറിനെ അറിയിച്ച് വിതരണം ചെയ്യുമെന്നുമാണ് ഈ കത്തില്‍ പറയുന്നത്. സമ്മാനമടിച്ച ലോട്ടറി വിതരണം ചെയ്തിട്ടില്ലെങ്കില്‍ അതിന്റെ തുക കമ്പനി എടുക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. ഇത് ലോട്ടറി ചട്ടങ്ങളുടെ ലംഘനമാണെന്ന് വി.എസ് ചൂണ്ടിക്കാട്ടുന്നു.