എഡിറ്റര്‍
എഡിറ്റര്‍
എമര്‍ജിങ് കേരള ജിമ്മിനേക്കാള്‍ ആപത്ത്: വി.എസ്
എഡിറ്റര്‍
Monday 3rd September 2012 2:26pm

 

തിരുവനന്തപുരം: എമര്‍ജിങ്  കേരള നിക്ഷേപക സംഗമം മുന്‍പ് നടത്തിയ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റിനേക്കാള്‍ ആപത്താണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് വി.എസിന്റെ പരാമര്‍ശം.

ഏത് വെല്ലുവിളിയും നേരിട്ട് എമര്‍ജിങ്  കേരളയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രതിപക്ഷം തയാറാണ്. സംസ്ഥാനത്തിന് ദോഷകരമാകുന്ന ഒരു പദ്ധതിയും അനുവദിക്കില്ലെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

Ads By Google

വി.എസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം:

വികസനം പരിസ്ഥിതിസൗഹൃദപരമാകണമെന്ന മുദ്രാവാക്യമുയര്‍ത്തി പരിസ്ഥിതി ഐക്യവേദി ഇത്തരമൊരു ശില്‍പശാല സംഘടിപ്പിച്ചത് ശ്ലാഘനീയമാണ്. വികസനം അനിവാര്യമാണ്. പക്ഷേ ഇരിക്കുന്ന കൊമ്പ് മുറിച്ചുകൊണ്ടാകരുത് വികസനം, അങ്ങനെയാണ് വികസനമെങ്കില്‍ അത് അധോഗതിയാണ് എന്ന് കൂടുതല്‍ കൂടുതല്‍ ആളുകള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്. എന്നാല്‍ അടങ്ങാത്ത ലാഭക്കൊതി മൂലം പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന് മുട്ട മുഴുവന്‍ ഒന്നിച്ചെടുത്ത് വിറ്റ് കാശാക്കുക എന്ന വികസന നയമാണ് ചൂഷകശക്തികളുടേത്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് തന്നെ വികസനവും ജീവിതപുരോഗിതയും സാധ്യമാണ് എന്ന് ശാസ്ത്രീയമായി കാണിച്ചുകൊടുക്കുന്നതിനാണ്, പരിസ്ഥിതി ഐക്യവേദി ഈ ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്.

ഈ ശില്‍പശാലയുടെ അടിയന്തര പ്രധാന്യം കേരള സര്‍ക്കാരിന്റെ എമര്‍ജിങ് കേരള നടക്കാന്‍ പോകുന്ന സന്ദര്‍ഭമാണിതെന്നാണ്. പുറത്ത് വന്നിടത്തോളം വിവരം വെച്ചുനോക്കുമ്പോള്‍ 2005ല്‍ ഇതേ സര്‍ക്കാര്‍ നടത്തിയ ജിമ്മിനേക്കാള്‍ ആപത്കരമാണ് എമര്‍ജിങ് കേരള എന്നാണ് മനസിലാക്കേണ്ടത്. ഇതേക്കുറിച്ച് ആലോചിക്കാന്‍ എന്ന പേരില്‍ രണ്ടാഴ്ച മുമ്പാണ് ഒരു സര്‍വകക്ഷിയോഗം സര്‍ക്കാര്‍ വിളിച്ചത്. ആ യോഗത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. അന്ന് ഞങ്ങള്‍ പറഞ്ഞത് എമര്‍ജിങ് കേരളയുമായി സഹകരിക്കണമെങ്കില്‍ പദ്ധതികള്‍ സംബന്ധിച്ച് സുതാര്യത വേണമെന്നാണ് നെല്ലിയാമ്പതിയിലെ വനഭൂമി കയ്യേറ്റക്കാര്‍ക്ക് പതിച്ചുനല്‍കുന്നതും തോട്ടങ്ങളുടെ അഞ്ച് ശതമാനം ഭൂമി റിയല്‍ എസ്‌റ്റേറ്റ് ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്നതും പാടം നികത്തലിന് അംഗീകാരം നല്‍കുന്നതുമുള്‍പ്പെടെയുള്ള ജനവിരുദ്ധ പരിസ്ഥിതിവിരുദ്ധ നടപടികള്‍ ആദ്യം പിന്‍വലിക്കൂ. അതിനുശേഷമാകാം എമര്‍ജിങ്ങിനെപ്പറ്റിയുള്ള കൂടിയാലോചന എന്നും ഞങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ അതിനൊന്നും സര്‍ക്കാര്‍ തയ്യാറായില്ല. കാരണം നെല്ലിയാമ്പതി തോട്ടങ്ങളുടെ അഞ്ച് ശതമാനം ഭൂമി നിലംനികത്താന്‍ അംഗീകാരം എന്നിവയ്ക്ക് പിന്നില്‍ വന്‍ അഴിമതിയാണ് കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമായ ഭൂപരിഷ്‌കരണം അട്ടിമറിച്ചുകൊണ്ടിരിക്കുകയാണവര്‍. നമ്മുടെ വനസമ്പത്തും ജലസമ്പത്തും മണ്ണിന്റെ ഉര്‍വരതയും നശിപ്പിച്ച് നാനാവിധമാക്കുകയാണിവര്‍.

ഈ പശ്ചാത്തലത്തില്‍ വേണം എമര്‍ജിങ് കേരളയെ കാണാന്‍. വ്യവസായത്തിന് നല്‍കുന്ന ഭൂമി വ്യവസായേതര റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എങ്ങനെയാണ് വികസനോന്മുഖമാവുക. വന്‍തോതില്‍ ഭൂമി ഏറ്റെടുക്കുകയും ഇവയുടെ ഭൂരിഭാഗവും റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എങ്ങനെയാണ് വികസനോന്മുഖമാവുക. വന്‍തോതില്‍ ഭൂമി ഏറ്റെടുക്കുകയും ഇവയുടെ ഭൂരിഭാഗവും റിയല്‍ എസ്‌റ്റേറ്റ് താത്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന പദ്ധതികള്‍ കേരളത്തിന് അനുയോജ്യമല്ല എന്നത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. എന്നാല്‍ എമര്‍ജിങ് കേരളയുടെ ഭാഗമായി പതിനായിരം ഏക്കര്‍ സ്ഥലത്ത് പെട്രോകെമിക്കല്‍ പദ്ധതിയും പതിമൂവായിരം ഏക്കര്‍ സ്ഥലത്ത് കൊച്ചിയിലും പാലക്കാട്ടും നിംസ് പദ്ധതികളും ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പൊതുജനങ്ങളില്‍ നിന്ന് ഇത്രയധികം ഭൂമി ഏറ്റെടുക്കുമെന്നും ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച് കഴിഞ്ഞുവെന്നും സര്‍ക്കാര്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ആരുടെയൊക്കെ ഭൂമിയാണ് ഏറ്റെടുക്കുന്നതെന്നോ അവിടെ വരുന്ന വ്യവസായങ്ങള്‍ എന്താണെന്നോ ജനങ്ങളോട് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എല്ലാം സുതാര്യമായാണ് നടത്തുന്നത് എന്ന വാദംകൊണ്ട് മാത്രം കാര്യങ്ങള്‍ സുതാര്യമാവില്ല. ഈ മൂന്ന് പദ്ധതികള്‍ക്കായി മാത്രം 36,000 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ മാറ്റിവെയ്ക്കുന്നത്. ഈ പദ്ധതികളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നുണ്ട്. ഇവ വെബ്‌സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും വേണം.

ജനങ്ങളുടെ വര്‍ധിച്ച ആവശ്യങ്ങള്‍ക്കനുസരിച്ച് എല്ലാരംഗത്തും വികസനം അനിവാര്യമാണ്. ആവശ്യത്തിന് ശുദ്ധജലം, ഭക്ഷണം, പാര്‍പ്പിടം, കാലത്തിന്റെ വേഗതയനുസരിച്ചുള്ള യാത്രസൗകര്യം, വിനോദോപാധികള്‍, മാലിന്യസംസ്‌കരണം എന്നിവയുടെ വികസനം അനിവാര്യമാണ്. അതിന് കാര്‍ഷിക- വ്യാവസായ നിര്‍മാണ-അടിസ്ഥാന സൗകര്യമേഖലകളിലെല്ലാം കുതിച്ചുചാട്ടം വേണ്ടിവരും. അത് പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടാകരുത്. ഉപയോഗിക്കാം, പക്ഷേ ചൂഷണമാവരുത് പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മുതലാളിത്തമാണ്, ലാഭക്കൊതിയാണ്.

നമ്മുടെ സമ്പത്ത്, നമ്മുടെ നിക്ഷേപം, നമ്മുടെ ഭൂമിയും അന്തരീക്ഷവും ജലവും വനവും പ്രകൃതിവിഭവങ്ങളുമെല്ലാമാണ്. അത് വരാനിരിക്കുന്ന എല്ലാ തലമുറകളുടെയും എല്ലാ ജീവജാലങ്ങളുടെയും സ്വത്താണ്. അത് ഉപയോഗിക്കാനല്ലാതെ ചൂഷണം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടും അത് എല്ലാവര്‍ക്കും തുല്യാവകാശമുള്ളതാണെന്ന ബോധം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും സുസ്ഥിരമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുയാണാവശ്യം. ഹരിത ഗൃഹവാതകങ്ങള്‍ ഏറ്റവും കൂടിയ അളവില്‍ നിര്‍ഗമിപ്പിച്ചുകൊണ്ട് ജീവജാലങ്ങള്‍ക്കാകെ ആപത്താകുന്ന ആഗോളതാപനത്തിന് കാരണക്കാരാകുന്നത് വികസിത മുതലാളിത്ത രാജ്യങ്ങളാണ്. അതിന്റെ ദോഷഫലവും പാപഭാരവും വികസ്വര-വികസിത രാജ്യങ്ങളുടെമേല്‍ സാമ്രാജ്യത്വം അടിച്ചേല്‍പ്പിക്കുന്നു. അതുപോലെ വികസ്വരരാഷ്ട്രങ്ങളില്‍ ലാഭം കുന്നുകൂട്ടാന്‍ മുതലാളിത്തവും പരിസ്ഥിതിക്കിണങ്ങാത്ത വികസനം അടിച്ചേല്‍പ്പിക്കുമ്പോള്‍ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ജനങ്ങളാണ്. വികസനം അനിവാര്യമാണ്; പരിസ്ഥിതി സംരക്ഷണവും അനിവാര്യമാണ്. രണ്ടിനെയും സമന്വയിപ്പിച്ചുകൊണ്ട് ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും സംതൃപ്തിയും സന്തോഷവും കൈവരുത്തുന്നതിന് പ്രവര്‍ത്തിക്കുകയാണ് ഇന്നത്തെ കടമ. ഈ ഉള്ളടക്കത്തോടെയുള്ള എമര്‍ജിങ് കേരളയാണ് കേരളത്തിനാവശ്യം. ഇപ്പോള്‍ സര്‍ക്കാര്‍ വിഭാവം ചെയ്ത എമര്‍ജിങ് കേരള അങ്ങനെയല്ല എന്ന് വ്യക്തമായിരിക്കുകയാണ്. എന്തെതിര്‍പ്പുണ്ടായാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വെല്ലുവിളി മട്ടില്‍ പ്രഖ്യാപിച്ചിരിക്കുകയുമാണ്. അതായത് പരിസ്ഥിതി തകര്‍ന്നാലും ഭരണപക്ഷത്ത് തന്നെ എതിര്‍പ്പുയര്‍ന്നാലും ജനങ്ങളാകെ എതിര്‍ത്താലും പദ്ധതിയുമായി മുന്നോട്ട്‌ പോകുമെന്നാണ് വെല്ലുവിളി. പരിസ്ഥിതി സൗഹൃദപരമായ മാറ്റങ്ങള്‍ വരുത്താതെയും ചൂഷണാധിഷ്ഠിതമായും സുതാര്യതയില്ലാതെയുമാണ് മുന്നോട്ട്‌ പോകലെങ്കില്‍ ആ വെല്ലുവിളി ഏറ്റെടുക്കാതിരിക്കാനാവില്ല. ഞങ്ങള്‍ ഇവിടെ ഉണര്‍ന്നുതന്നെയുണ്ടെന്ന് മനസ്സിലാക്കുക.

Advertisement