കോഴിക്കോട്: കോഴിക്കോട് വെടിവെയ്പ്പിനെക്കുറിച്ചുള്ള ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ ചാണ്ടിയേയും സര്‍ക്കാരിനേയും രക്ഷിക്കാനാണ് ഡി.ജി.പി ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് ജനങ്ങളും സമരസമിതിയും പുച്ഛത്തോടെ തളളും. എസ്.എഫ്.ഐക്കാരെയും ഇടത് വിദ്യാര്‍ഥി സംഘടനകളിലെ പ്രവര്‍ത്തകരെയും ബോധപൂര്‍വം കേസില്‍ കുടുക്കിയാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരും. വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെച്ച അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ രണ്ടാംഘട്ട സമരം ആരംഭിക്കുമെന്നും വി.എസ് പറഞ്ഞു.

Subscribe Us:

കോഴിക്കോട് വെടിവെപ്പിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് ഡി.ജി.പി ജേക്കബ് പുന്നൂസ് സര്‍ക്കാരിന് നല്‍കിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ വെടിവെയ്ക്കാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെടിവെച്ചതുകൊണ്ട് വലിയ സംഘര്‍ഷം ഒഴിവാക്കാന്‍ കഴിഞ്ഞു. വെടിവെപ്പിനെ തുടര്‍ന്ന് ആര്‍ക്കും ഒരു പരിക്കും ഉണ്ടായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേല്‍ക്കാത്തതിനാല്‍ ആര്‍ക്കും ഒരു പരിക്കും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അവര്‍ക്കുനേരെയല്ല വെടിവെച്ചതെന്നുറപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വെടിവെച്ച കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.രാധാകൃഷ്ണ പിള്ളയ്‌ക്കെതിരെ നടപടിയൊന്നും ഡി.ജി.പി ശുപാര്‍ശ ചെയ്തിട്ടില്ല. സംഭവസ്ഥലത്തെ സാഹചര്യം സംഘര്‍ഷഭരിതമായിരുന്നു. ജനക്കൂട്ടം അക്രമാസക്തരായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാരെ പോലും ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.