തിരുവനന്തപുരം: ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട് ഇന്നലെ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തിരുത്തി. ഐസക്കിന് പിഴവ് പറ്റിയെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ രാജി പ്രതിപക്ഷത്തിന് ആവശ്യപ്പെടാവുന്ന തരത്തില്‍ തന്റെ പ്രസ്താവന വ്യാഖ്യാനിക്കപ്പെട്ടുവെന്നും ഐസക്കും താനും ഒരുമിച്ച് ചേര്‍ന്നാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നതെന്നും വി.എസ് വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാറിനോ ധനമന്ത്രിക്കോ വീഴ്ച പറ്റിയിട്ടില്ല. ലോട്ടറി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മുന്‍കയ്യെടുത്തത് ധനമന്ത്രിയാണ്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം വീഴ്ച വരുത്തിയതാണെന്ന് കരതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe Us:

ലോട്ടറി കേസ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഭരണകൂടത്തിന്റെ വീഴ്ച ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ലോട്ടറി കേസില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പറയുമെന്ന് കരുതുന്നില്ലെന്ന് ഇന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വി.എസ് എന്താണ് പറഞ്ഞതെന്ന് പരിശോധിക്കുമെന്നും അതിനു ശേഷം പ്രതികരിക്കാമെന്നുമാണ് പിണറായി പറഞ്ഞത്.