തിരുവനന്തപുരം: കേരളത്തെ മുസ്ലിംഭുരിപക്ഷ പ്രദേശമാക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, യു ഡി എഫ് നേതാവ് എം എം ഹസന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എം എന്‍ കാരശ്ശേരി തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് ലഭിച്ച പുസ്തകം ‘ജനാധിപത്യത്തെക്കുറിച്ചൊരു കാഴ്ച്ചപ്പാട്’ ആണ് മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശനത്തിന് ഇടയാക്കിയതെന്നാണ് സൂചന. തടിയന്റവിട നസീറിന്റെ സുഹൃത്ത് സര്‍ഫ്രാസ് നവാസ് എഴുതിയതാണ് പുസ്തകം. ജനാധിപത്യവിരുദ്ധ സംഹിതകളാണ് പുസ്തകത്തിലുള്ളത്. ജനാധിപത്യവ്യവസ്ഥ ഇസ്‌ലാമിന് വിരുദ്ധമാണെന്നും ഇത് അട്ടിമറിച്ച് ഇസ്്‌ലാമിക ഭരണകൂടം സ്ഥാപിക്കണമെന്നും പുസ്തകം ആഹ്വാനം ചെയ്യുന്നുണ്ട്.

സംസ്ഥാനം മുഴുവന്‍ ‘ദാറുല്‍ ഖദകള്‍’ (ദൈവത്തിന്റെ കോടതികള്‍) സ്ഥാപിക്കണമെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. പുസ്തകത്തിലെ ജനാധിപത്യവിരുദ്ധമായ സന്ദേശത്തെക്കുറിച്ച് ഉയര്‍ന്ന പോലീസ് വൃത്തങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഈ പുസ്തകം കണ്ടുകെട്ടാനും പ്രസിദ്ധീകരിച്ചവര്‍ക്കെതിരേ നിയമനടപടിയെടുക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനാധിപത്യവ്യവസ്ഥയെ നിശിതമായി വിമര്‍ശിക്കുന്ന ഈ പുസ്തകമാണ് വി എസിനെ പ്രകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തുടര്‍ന്നാണ് മുഖ്യമന്ത്രി വിവാദപ്രസ്താവന നടത്തിയത്. പണം കൊടുത്ത് ചെറുപ്പക്കാരെ സംഘടിപ്പിക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിപ്പിക്കുക എന്നിവയെല്ലാം മുസ്ലിം ഭരണകൂടം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണെന്നും വി എസ് ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെതിരേ നടക്കുന്ന അന്വേഷണങ്ങളെ എതിര്‍ക്കുന്നവര്‍ പ്രതിലോശക്തികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.