എഡിറ്റര്‍
എഡിറ്റര്‍
നഴ്‌സ് സമരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ശമ്പളപരിഷ്‌കരണം അടിയന്തിരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വി.എസ്
എഡിറ്റര്‍
Friday 14th July 2017 3:37pm

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തെ എസ്മ കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍, ഇതിന് മുമ്പേ തന്നെ ഉണ്ടായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ശമ്പളപരിഷ്‌കരണം അടിയന്തിരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍.

സുപ്രീംകോടതി വിധി മാനിച്ച് ശമ്പളപരിഷ്‌കരണം നടപ്പാക്കാന്‍ സ്വകാര്യആശുപത്രി മാനേജ്‌മെന്റുകളും ഉടന്‍ തയ്യാറാവണമെന്നും വി.എസ് ആവശ്യപ്പെട്ടു.


Dont Miss മോദിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം; എ.ഐ.ബിക്ക് അഞ്ച് ലക്ഷം രൂപ പിഴ


ആദ്യമുണ്ടായ സുപ്രീംകോടതി വിധി നടപ്പാക്കാതിരുന്നതു കൊണ്ടാണ് നഴ്‌സുമാര്‍ക്ക് സമരം ചെയ്യേണ്ടി വന്നതും, ഇപ്പോള്‍ ഹൈക്കോടതി എസ്മ പ്രയോഗിക്കണമെന്ന നിര്‍ദ്ദേശം നല്‍കാനിടയായതും.

എന്നു പറഞ്ഞാല്‍ സുപ്രീംകോടതി വിധി അനുസരിച്ച് ശമ്പളപരിഷ്‌കരണം യഥാസമയം നടപ്പാക്കിയിരുന്നെങ്കില്‍, നഴ്‌സുമാര്‍ സമരരംഗത്തേക്ക് വരില്ലായിരുന്നു.

രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി നടപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും അല്‍പ്പം പോലും വൈകാതെ, സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള ശമ്പളപരിഷ്‌കരണം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് ലഭ്യമാക്കണം. അങ്ങനെ വന്നാല്‍ സമരം തന്നെ അവസാനിക്കുകയും ചെയ്യും.

അതുകൊണ്ട് ഇപ്പോഴത്തെ സ്ഥിതിയില്‍ രാജ്യത്തെ നിയമവ്യവസ്ഥകള്‍ അംഗീകരിച്ചു കൊണ്ട് ഒട്ടും വൈകാതെ നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണത്തിന് സ്വകാര്യആശുപത്രി മാനേജ്‌മെന്റുകള്‍ തയ്യാറാവണം. ഇതിന് അവരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ശക്തമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയും വേണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Advertisement