എഡിറ്റര്‍
എഡിറ്റര്‍
കോളേജ് എന്ന പേരില്‍ പ്രവര്‍ത്തിച്ച കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാണ് നെഹ്‌റു കോളേജ് : മാനേജ്‌മെന്റ് ഗുണ്ടായിസത്തിന്റെ ഇരയാണ് ജിഷ്ണുവെന്നും വി.എസ്
എഡിറ്റര്‍
Thursday 16th February 2017 3:27pm

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഉത്തരവാദികളെന്ന് പോലീസ് കണ്ടെത്തി ഒന്നാം പ്രതിയാക്കിയ കോളേജ് മേധാവി കൃഷ്ണദാസിനേയും കൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.

കോളേജ് എന്ന പേരില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാണ് പ്രസ്തുത കോളേജില്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് തോന്നിക്കുന്ന വിവരങ്ങളാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വെളിപ്പെടുത്തിയിട്ടുള്ളതെന്നും വി.എസ് പറഞ്ഞു.

ജിഷ്ണുവിന്റെ രക്ഷിതാക്കളും ഇക്കാര്യം എന്നോട് വിശദീകരിക്കുകയുണ്ടായി. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും അന്യായമായി പിഴത്തുക പിഴിഞ്ഞൂറ്റിയും ശാരീരികമായും മാനസികമായും കുട്ടികളെ പീഡിപ്പിച്ചും ഗുണ്ടായിസം കാണിക്കുകയായിരുന്നു കോളേജ് മാനേജ്മെന്റ്. ആ പീഡനങ്ങളുടെ അവസാനത്തെ ഇരയാണ് ജിഷ്ണു പ്രണോയ്.

നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുക മാത്രമല്ല, സര്‍ക്കാരിന്റെ വനഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. വനം വകുപ്പ് ഇതുമായി ബന്ധപ്പെട്ട് കോടതിയെ അഭയം പ്രാപിച്ചിരിക്കുകയാണ്.

അവശേഷിച്ച വനഭൂമി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. അതിനാല്‍, വനഭൂമി തിരിച്ചുപിടിക്കാനും അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റാനും അടിയന്തര നടപടികള്‍ സ്വീകരിക്കണം.

മറ്റ് പല സ്വാശ്രയ കോളേജുകളില്‍നിന്നും സമാനമായ പരാതികള്‍ ഉയരുന്നുണ്ട്. തിരുവനന്തപുരം ലോ കോളേജിലും നെഹ്‌റു കോളേജിലുമെല്ലാം വിദ്യാര്‍ത്ഥി പീഡനത്തോടൊപ്പംതന്നെ ഭൂമിയുടെ ദുരുപയോഗവും നടക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

കച്ചവടവും ഗുണ്ടായിസവും ഭൂമി കയ്യേറ്റവും നടത്താനുള്ള ഉപാധിയായി സ്വാശ്രയ കോളേജുകള്‍ മാറുന്നു എന്നുവേണം അനുമാനിക്കാന്‍. പോലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്താലും അറസ്റ്റില്‍നിന്ന് രക്ഷപ്പെട്ട് സ്വതന്ത്രമായി വിഹരിക്കുന്ന സ്വാശ്രയ കോളേജ് മേധാവികള്‍ക്ക് കോടതിയില്‍നിന്നും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ അവസരമുണ്ടാക്കുന്ന അവസ്ഥ ഉണ്ടായിക്കൂടെന്നും വിഎസ് പറഞ്ഞു.

Advertisement