എഡിറ്റര്‍
എഡിറ്റര്‍
അഴിമതിക്കെതിരെ ഘോരഘോര പ്രസംഗിക്കുന്നവര്‍ അധികാരത്തിലെത്തുമ്പോള്‍ മിണ്ടുന്നില്ല: വിമര്‍ശനവുമായി വി.എസ്
എഡിറ്റര്‍
Monday 20th February 2017 1:22pm

തിരുവനന്തപുരം: വിജിലന്‍സിനേയും സര്‍ക്കാരിനേയും വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

അഴിമതിക്കേസുകളില്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതായി വി.എസ് പറഞ്ഞു. പാമോലിന്‍, ടൈറ്റാനിയം കേസുകളടക്കം പതിറ്റാണ്ടുകള്‍ പഴക്കമുള്ള അഴിമതി കേസുകള്‍ ഇപ്പോഴും ഒരിടത്തും എത്താതെ കോടതികളില്‍ നിന്ന് കോടതികളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് വി.എസ് കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് ബാട്ടണ്‍ഹില്‍ ലോ കോളജും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്‌ളിക് അഡ്മിനിസ്‌ട്രേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

പല കേസുകളിലും പ്രധാന കേസുകളിലും പ്രതിമരിച്ചുകഴിഞ്ഞാലും കേസിന് തീര്‍പ്പുണ്ടാകുന്നില്ല. പല അഴിമതി കേസുകളിലും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്.

അഴിമതിക്കെതിരെ ഘോരഘോര പ്രസംഗിക്കുന്നതില്‍ നമ്മളാരും മോശക്കാരല്ല. എന്നാല്‍ ഇങ്ങനെ പ്രസംഗിക്കുന്നവര്‍ തന്നെ നടപടിയെടുക്കാന്‍ ബാധ്യതപ്പെട്ട സംവിധാനത്തിന്റെ ഭാഗമാകുമ്പോള്‍ നടപടികള്‍ ഉണ്ടാകുന്നില്ല.


Dont Miss സ്ത്രീകള്‍ താടിക്കു കൈയ്യും കൊടുത്ത് നോക്കിയിരിക്കാതെ പുറത്തിറങ്ങണം; സ്ത്രീ സുരക്ഷാ നിയമഭേദഗതിക്കായി ഒന്നിച്ച് പോരാടണമെന്ന് ഭാഗ്യലക്ഷ്മി 


അഴിമതിക്കാര്‍ തൊഴുത്തുതടിക്കുന്നത് പാവപ്പെട്ട മനുഷ്യരുടെ ചിലവിലാണ്. പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ട കാര്യങ്ങളാണ് അവരില്‍ നിന്നും അപഹരിച്ചെടുത്ത് അഴിമതിക്കാര്‍ക്ക് നല്‍കുന്നതെന്നും വി.എസ് പറഞ്ഞു.

അഴിമതിരഹിതമായി ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലകളിലൊന്ന്.

അഴിമതികേസുകളില്‍ വിജിലന്‍സില്‍ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള നടപടികളുണ്ടാകുന്നില്ല. ഇതിന് സാങ്കേതികവും നിയമപരവുമായ കാരണങ്ങളായിരിക്കും ചൂണ്ടിക്കാണിക്കുക. കാരണങ്ങള്‍ എന്തു തന്നെയായാലും നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുന്നില്ല എന്നതാണ് സത്യം.

രാജ്യമാകെ പരിശോധിക്കുമ്പോള്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നത്. എന്നാല്‍ ഇത്തരം കേസുകളില്‍ പെടുന്നവര്‍ക്ക് കാര്യമായ ശിക്ഷ കിട്ടിയതായി കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണക്കാരുടെ പള്ളയ്ക്കടിച്ചിട്ടാണ് അധികാരികള്‍ അഴിമതിക്കാര്‍ക്ക് ഒത്താശ ചെയ്യുന്നത്. എന്നാല്‍ ഇത്തരം നടപടികള്‍ പലതും അഴിമതിയാണെന്നു പോലും നമ്മള്‍ മനസ്സിലാക്കുന്നില്ലെന്നതാണ് കഷ്ടമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

Advertisement