തിരുവനന്തപുരം: നഴ്‌സ്മാരുടെ സമരത്തിന് പിന്തുണയുമായി ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ മാനേജുമെന്റുകളെ ധാര്‍ഷ്ട്യം അംഗീകരിച്ചു കൊടുക്കരുതെന്നും നഴ്‌സുമാരുടെ ആവശ്യങ്ങള്‍ മാനേജുമെന്റുകളെ കൊണ്ട് അംഗീകരിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

Subscribe Us:

ശമ്പളവര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ അവശ്യസര്‍വ്വീസ് നിയമം (എസ്മ) പ്രയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

സമരം ചെയ്യുന്ന നഴ്സുമാര്‍ മനുഷ്യജീവന് വിലകല്‍പ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു.
എന്നാല്‍ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്ന് നഴ്സുമാരുടെ സംഘടന പ്രതിനിധികള്‍ അറിയിച്ചു. സമരക്കാരുടെ അഭിഭാഷകന്റെ അഭിപ്രായം പോലും തേടാതെയാണ് മാനേജ്മെന്റുകളുടെ പരാതിയില്‍ കോടതി തീരുമാനം കൈക്കൊണ്ടതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

നഴ്സുമാരുടെ സമരത്തിനെ വെല്ലുവിളിച്ച് തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച മുതല്‍ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവര്‍ത്തിക്കുകയെന്നുമാണ് മാനേജ്മെന്റ് അറിയിച്ചത്. ഈ മാസം 17ന് നഴ്സുമാര്‍ വ്യാപകമായി പണിമുടക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ആശുപത്രി മാനേജ്മെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെയാണ് കോടതി നഴ്സുമാരുടെ സമരത്തെ വിമര്‍ശിച്ചു രംഗത്തുവന്നിരിക്കുന്നത്.