തിരുവനന്തപുരം: ഡെസ്മണ്ട് നെറ്റോയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ നെറ്റോ ശ്രമിക്കുകയാണെന്നും വി.എസ്.ആരോപിച്ചു.

വിജിലന്‍സ് ഡയറക്ടര്‍ അഴിമതിക്കാരനാണ്. ടെറ്റാനിയം കേസ് അട്ടിമറിക്കാന്‍ നെറ്റോ ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണെന്നും വി.എസ്.പറഞ്ഞു.

പാമോലിന്‍ കേസില്‍ തുടരന്വേഷണം അട്ടിമറിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെള്ളപൂശാനും വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ വ്യാജരേഖ ചമച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ വ്യക്തമായ തെളിവുണ്ടെന്നു കാണിച്ച് വിജിലന്‍സ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ അഹമ്മദ് നല്‍കിയ കുറിപ്പിന് നിയമസാധുതയില്ലെന്ന് വരുത്താനായി നെറ്റോ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് നെറ്റോയെ നീക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.