ഹൈദരാബാദ്: പോളിറ്റ് ബ്യൂറോയിലേക്ക് തിരിച്ചെത്താന്‍ വി.എസ് അച്ച്യുതാനന്ദന്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ കാത്തിരിക്കണമെന്ന് കേന്ദ്ര കമ്മറ്റി. വി.എസിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രനേതൃത്വം ഇത്തരമൊരു നിലപാടിലേക്ക് നീങ്ങിയത്.

പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കേ വി.എസിനെ പി.ബിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള വി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷമായിരിക്കും തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുകയെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. നേരത്തേ വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം ആശയക്കുഴപ്പമുണ്ടാക്കാന്‍ കാരണമായെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തിയിരുന്നു.

ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളെത്തുടര്‍ന്നാണ് വി.എസ് പി.ബിയില്‍ നിന്നും പുറത്തായത്. പുറത്തായശേഷവും തന്റെ നിലപാടുകളില്‍ അയവുവരുത്താന്‍ അച്ച്യുതാനന്ദന്‍ തയ്യാറായിരുന്നില്ല. ഇത് ഔദ്യോഗിക പക്ഷത്തെ കൂടുതല്‍ ചൊടിപ്പിച്ചു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിന്റെ സ്വാധീനം ഗുണംചെയ്തുവെന്ന കാരാട്ടിന്റെ ഏറ്റുപറച്ചില്‍ പി.ബിയിലേക്ക് വി.എസിനെ തിരിച്ചെടുക്കുമെന്നതിന്റെ സൂചനയായിരുന്നു.

തുടര്‍ന്ന് കേന്ദ്രകമ്മറ്റിയിലും വി.എസിനെ ഉടനേ തിരിച്ചെടുക്കണമെന്ന് ആവശ്യമുയര്‍ന്നു. ദല്‍ഹി, രാജസ്ഥാന്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു ഈ ആവശ്യം ശക്തമായി ഉന്നയിച്ചത്.

അതിനിടെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള കരടു റിപ്പോര്‍ട്ടില്‍ ചര്‍ച്ച തുടരുകയാണ്. ബംഗാളിലെ പരാജയമാണ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ വെച്ചുനടത്തണമെന്ന കാര്യവും ചര്‍ച്ചാവിഷയമാകും. തോമസ് ഐസക്, ശ്രീമതി ടീച്ചര്‍ എന്നിവരാണ് കേരളത്തില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ പി.ശശി വിഷയവും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. തരംതാഴ്ത്തില്‍ നടപടി മതിയാകില്ലെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രസമിതിയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ടെന്നാണ് സൂചന.