എഡിറ്റര്‍
എഡിറ്റര്‍
ലവലേശം നാണമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് പിണറായി; നാണമില്ലാത്തവന് ആലുപോലെയാണ് മുഖ്യമന്ത്രിയെന്ന് വി.എസ്
എഡിറ്റര്‍
Friday 28th March 2014 3:47pm

oommenchandy-4

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ഭൂമിതട്ടിപ്പ് കേസ് സി.ബി.ഐയ്ക്ക് കൈമാറാനുള്ള ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും പിണറായി പറഞ്ഞു. മാന്യത ലവലേശമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണം. മുഖ്യമന്ത്രിയുടെ കള്ളക്കളി വെളിച്ചത്ത് വന്നിരിക്കുന്നു- പിണറായി വ്യക്തമാക്കി.

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദനും രംഗത്തെത്തി. നാണമില്ലാത്തവന് ആലുപോലെയാണ് മുഖ്യമന്ത്രിയെന്ന് വി.എസ് ആരോപിച്ചു. ഇതിന് മുന്‍പും മുഖ്യമന്ത്രിയ്‌ക്കെതിരെ കോടതി പരാമര്‍ശം ഉണ്ടായിട്ടുണ്ടെന്നും അഴിമതിക്കേസില്‍ കോടതി കൈകാര്യം ചെയ്തിട്ടും മുഖ്യമന്ത്രിയ്ക്ക് കുറ്റബോധമില്ലെന്നും വി.എസ് പറഞ്ഞു.

അതേ സമയം ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി ഇതുവരെയും പ്രതികരിച്ചിട്ടില്ല.

മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോടതി പേഴ്‌സണ്‍ സ്റ്റാഫിനെ നിയമിയ്ക്കുന്നതില്‍ മുഖ്യമന്ത്രി ജാഗ്രത കാണിച്ചില്ലെന്ന് കുറ്റപ്പെടുത്തി. ക്രിമിനല്‍ കുറ്റവാളികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലുള്ളതെന്നും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ തന്നെ ഭൂമി തട്ടിപ്പ് കേസിലും പ്രതികളായിട്ടുണ്ടെന്നും വിമര്‍ശിച്ച കോടതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളായതിനാല്‍ അദ്ദേഹം തന്നെ ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.

Advertisement