Categories

കര കാണാതെ: വി.എസും പിണറായിയും വാക്‌പോരില്‍

vs with pinarayi

കോഴിക്കോട്: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന സി.പി.ഐ.എം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ കാറ്റില്‍ പറത്തി വി.എസും പിണറായിയും നേര്‍ക്കുനേര്‍. ടി.പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും നടത്തിയ പ്രസ്താവനകള്‍ ഏറെ വിവാദമായതിനെ തുടര്‍ന്നാണ് കേന്ദ്ര നേതൃത്വം പരസ്യ പ്രസ്താവനകള്‍ വിലക്കിയത്.

കോഴിക്കോട് ജില്ലാകമ്മിറ്റി മാധ്യമങ്ങള്‍ക്കെതിരായി കേസ് കൊടുത്തത് ശരിയല്ലെന്ന്് നെയ്യാറ്റിന്‍കരയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുത്തത് ശരിയല്ലെന്ന വി.എസിന്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് വിജയന്‍ പയ്യന്നൂരില്‍ പ്രസംഗിച്ചത്.

വി.എസ് അച്യുതാനന്ദനെതിരെ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിലെ പ്രമുഖരെ രംഗത്തിറക്കി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വിഷയം കൂടുതല്‍ വഷളാവുകയായിരുന്നു. മണിയുടെ പ്രസ്താവന വിവാദമാവുകയും പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് വിജയന്‍ നേരിട്ട് രംഗത്തെത്തിയത്.

മാധ്യമങ്ങള്‍ സി.പി.ഐ.എമ്മിനെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്ന് പയ്യന്നൂരിലെ കൊക്കാനിശ്ശേരിയില്‍ പ്രസംഗത്തില്‍ വിജയന്‍ വിശദീകരിച്ചു. സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധിയനുസരിച്ചാണ് കോടതിയില്‍ പോയത്. ഇങ്ങനെ പോവുകയാണെങ്കില്‍ മാധ്യമങ്ങളെ ഇനിയും കോടതിയില്‍ ചോദ്യം ചെയ്യുമെന്നും വിജയന്‍ വ്യക്തമാക്കി. ഇതിനെതിരെ കോടതിയില്‍ പോയത് അച്ചടക്കലംഘനമല്ലെന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തിനുള്ള വിലക്കായി കാണേണ്ട കാര്യമില്ലെന്നും വിജയന്‍ പറഞ്ഞു.

ഇന്നു രാവിലെയും ഇന്നലെ രാത്രിയുമായി വി.എസ് ഇടുക്കി ജില്ലാ സെക്രട്ടറി മണിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. എമ്പോക്കികളുടെ പരാമര്‍ശത്തിന് മറുപടിയില്ല. ഇത്തരം എമ്പോക്കികളുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണമെന്നും ഇന്നലെ രാത്രി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

സമരങ്ങള്‍ വിജയിപ്പിക്കുന്നതിനു പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് ഞങ്ങള്‍ ഒളിവില്‍പോയിട്ടുള്ളത്. കോണ്‍ഗ്രസുകാടെയും ബ്രിട്ടീഷുകാരുടെയും വാറന്റുകള്‍ തോല്‍പിച്ച് ജനങ്ങളുടെയും തൊഴിലാളികളുടെയും കൃഷിക്കാരുടെയുമെല്ലാം സമരങ്ങള്‍ വിജയിപ്പിക്കാന്‍ വേണ്ടി പിടികൊടുക്കാതിരുന്നത് പാര്‍ട്ടി തീരുമാനമായിരുന്നു. ഇപ്പോള്‍ ചിലര്‍ ഒളിവില്‍ പോകുന്നതെന്തിനാണെന്ന് നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാം. മണി ഒളിവില്‍പ്പോയത് എന്തിനാണെന്ന് മാധ്യമങ്ങള്‍ക്ക് വ്യാഖ്യാനിക്കാമെന്നു തന്നെയാണ് വിഎസ് പരോക്ഷമായി പറഞ്ഞു വെച്ചത്.

സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എംണി ഇടുക്കിയില്‍ തന്നെയുണ്ടെന്ന് വി.എസ്സിന്റെ പരാമര്‍ശത്തിന് മറുപടിയായി വിജയന്‍ വിശദീകരിച്ചു. ഇന്നലെയും ഇന്ന് രാവിലെയും അദ്ദേഹം തന്നെ വിളിച്ചിരുന്നു. മണി ഒളിവിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. വലുതപക്ഷ മാധ്യമങ്ങളുടെ ഗൂഢാലോചനയാണ് ഈ വാര്‍ത്തയ്ക്കു പിന്നിലെന്നും പാര്‍ട്ടി സെക്രട്ടറി ആരോപിച്ചു.

എന്നാല്‍ വി.എസിന്റെയും പിണറായിയുടെയുമടക്കമുള്ള പ്രസ്താവനകള്‍ പരിശോധിക്കുമെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കി. പരസ്യപ്രസ്താവന പാടില്ലെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടോയെന്നാണ് പരിശോധിക്കുക. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് കാണാതെ തിരഞ്ഞെടുപ്പിന്റെ തലേ നാള്‍ രണ്ട് നേതാക്കള്‍ നടത്തുന്ന പരസ്യ പ്രസ്താവന മുന്നണിയെയും ഘടകകക്ഷികളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്.