പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ലതികാ സുഭാഷിനെതിരെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസ് കോടതി നേരിട്ട് അന്വേഷിക്കും. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്് അന്വേഷണം നടത്തുന്നത്.

ഇതിന്റെ ഭാഗമായി ഈ മാസം 30ന് തെളിവെടുപ്പ് നടത്തും. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും കോടതി നേരിട്ട് അന്വേഷിക്കുമെന്നും ലതികാ സുഭാഷിന്റെ പരാതി സ്വീകരിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

വി.എസ് തെറ്റായ അര്‍ത്ഥം വരുന്ന ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ സ്വഭാവഹത്യ നടത്തിയെന്ന് പറഞ്ഞ് ലതികാ സുരേഷാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

പാലക്കാട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ മുഖാമുഖത്തിനിടയിലാണ് വി.എസ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ലതികാ സുഭാഷ് പ്രശസ്തയാണെന്നും എന്തിന്റെ പ്രശസ്തയാണ് എന്നത് അന്വേഷിച്ചാലറിയാം എന്നുമായിരുന്നു വി.എസ് പറഞ്ഞത്.