എഡിറ്റര്‍
എഡിറ്റര്‍
കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പു കമ്മീഷണറെ വിളിച്ചുവരുത്തി ചീത്തവിളിച്ചെന്ന് വി.എസ്
എഡിറ്റര്‍
Tuesday 25th August 2015 2:07pm

vs-01തിരുവനന്തപുരം: വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറെ ചീത്തവിളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയുടെ ചേംബറില്‍ തെരഞ്ഞെടുപ്പു കമ്മീഷണറെ വിളിച്ചുവരുത്തി കുഞ്ഞാലിക്കുട്ടി ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് വി.എസ് ആരോപിക്കുന്നത്.

രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെയും ജുഡീഷ്യറിയെയുമെല്ലാം ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരും യു.ഡി.എഫും ശ്രമിക്കുന്നതെന്നും വി.എസ് അഭിപ്രായപ്പെട്ടു.

തികച്ചും സ്വതന്ത്രവും നിക്ഷ്പക്ഷവുമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനെ ശാസിക്കാനും കമ്മീഷന് നിര്‍ദേശങ്ങള്‍ നല്‍കാനും മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ നിയമപരമായി അധികാരവുമില്ല. തെരഞ്ഞെടുപ്പു കമ്മീഷനെ ശാസിച്ച മന്ത്രിയുടെ നടപടി അങ്ങേയറ്റം ധിക്കാരപരവും ഭരണഘടനാലംഘനവുമാണ്. മന്ത്രി കെസി ജോസഫും പരസ്യമായി കമ്മീഷനെ വിമര്‍ശിച്ചിരിക്കുകയാണെന്നും വി. എസ് വ്യക്തമാക്കി.

30 വര്‍ഷം മുമ്പുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ രാഷ്ട്രീയചായ്‌വിനെപ്പറ്റി ഗവേഷണം നടത്തുകയാണ് യു.ഡി.എഫ് നേതാക്കളിപ്പോഴെന്നും വി.എസ് അഭിപ്രായപ്പെട്ടു.

പാമോലിന്‍കേസില്‍ മുഖ്യമന്ത്രിക്കെതിരെ വിധി പറഞ്ഞതിന്റെ പേരില്‍ വിജിലന്‍സ് ജഡ്ജിയെ പാകിസ്ഥാന്‍കാരനെന്ന് ആക്ഷേപിച്ചു.  സര്‍ക്കാരിന്റെ കൊള്ളുകില്ലായ്മയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഹൈക്കോടതി ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെ കുറുക്കന്‍ എന്നു വിളിച്ച് ആക്ഷേപിക്കുകയാണ് മന്ത്രി കെസി ജോസഫ് ചെയ്തത്. ഈ ജഡ്ജി വന്ന വഴി മറക്കരുതെന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയെന്നും വി.എസ് ചൂണ്ടിക്കാട്ടുന്നു.

കോടതിയെയും ഭരണഘടനാ സ്ഥാപനങ്ങളെയും കണ്ണുരുട്ടി കാട്ടി അഴിമതി തുടരാനാണ് സര്‍ക്കാര്‍ ശ്രമമെന്നും വി.എസ് കുറ്റപ്പെടുത്തി.

Advertisement