പാര്‍ട്ടി ഗ്രാമമായ കാസര്‍ക്കോട് മടിക്കൈയില്‍ വി.എസിന് ഊഷ്മള വരവേല്‍പ്പ്. കേരളത്തിലെ മോസ്‌കോ എന്നാണ് മടിക്കൈ അറിയപ്പെടുന്നത്. പരമ്പരാഗത പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറെയുള്ള മടിക്കൈയ് വി.എസ് അനുഭാവികളുടെ ശക്തി കേന്ദ്രം കൂടിയാണ്. മടിക്കൈ മോഡല്‍ കോളേജ് ശിലാസ്ഥാപനത്തിനാണ് വി.എസ് എത്തിയത്. എന്നാല്‍ പാര്‍ട്ടി വിഭാഗീയതയുടെ തീച്ചൂളയില്‍ എന്നും തിളച്ചുമറിയാറുള്ള മടിക്കൈക്ക് അത് വെറുമൊരു ഉദ്ഘാടനം മാത്രമായിരുന്നില്ല.

രാവിലെ റെയില്‍വെ സ്റ്റേഷനില്‍ തന്നെ വലിയൊരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും വി.എസിനെ സ്വീകരിക്കാന്‍ തടിച്ചുകൂടിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ വി.എസിനെതിരെ എപ്പോള്‍ നീക്കം തുടങ്ങിയാലും ആദ്യം പ്രതികരണമുണ്ടാകുന്ന സ്ഥലങ്ങളിലൊന്നാണ് മടിക്കൈ. 2006ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിന് സീറ്റ് നിഷേധിക്കാന്‍ നീക്കം നടന്നപ്പോഴും മടിക്കൈയില്‍ ചുവപ്പ് കൊടി പൊങ്ങി.

രാവിലെ 10ന് കാഞ്ഞിരപ്പൊയില്‍ ഗവ. യു.പി സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ചടങ്ങുകള്‍. പി കരുണാകരന്‍ എം.പി അധ്യക്ഷനായിരുന്നു. കേരളാ മോചനയാത്രയുടെ നേതാക്കളില്‍ ഒരാള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് പോകുകയാണെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പെണ്‍വാണിഭക്കാരെയും അഴിമതിക്കാരെയും കൂട്ടി ജാഥ നടത്തിയാല്‍ ജനങ്ങള്‍ അത് തിരിച്ചറിയുമെന്നും ഇത്തരം ജാഥകളെ ജനം അവജ്ഞതയോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയാകാനുള്ള ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹം ജനം തള്ളിക്കളയും. യു.ഡി.എഫ്. കരുതിയത് മോചനയാത്ര തിരുവനന്തപുരത്ത് എത്തിയാല്‍ ഭരണം അവര്‍ക്ക് ലഭിക്കുമെന്നാണ്. ഉമ്മന്‍ചാണ്ടി ഈ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. യു.ഡി.എഫ് ഭരണത്തില്‍ ആയിരക്കണക്കിന് കൃഷിക്കാരാണ് ആത്മഹത്യ ചെയ്തത്.

വൈദ്യുതി മേഖലയില്‍ ക്രമക്കേട് കാണിച്ചതിന് ഒരാള്‍ ജയിലില്‍ പോവുകയാണെന്നും വി.എസ് പറഞ്ഞു. വൈദ്യുതി മേഖലയില്‍ എന്ന് വി.എസ് പറഞ്ഞതിന് പല അര്‍ഥങ്ങളുമുണ്ടെന്നത് അധികമാരും ശ്രദ്ധിച്ചില്ല.